ടിയാങ്കോങ്-1 ഭൂമിയിലേക്ക്

കാലിഫോര്‍ണിയ :ചൈനയുടെ സ്‌പേസ് ലാബ് നിയന്ത്രണം നഷ്ടപ്പെട്ട് ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്കടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2011 ല്‍ ബഹിരാകാശത്ത് സ്വന്തമായി ഒരു നിലയം വേണമെന്ന ലക്ഷ്യത്തോട് കൂടി ചൈന നിക്ഷേപിച്ച ടിയാങ്കോങ്-1 എന്ന സ്‌പേസ് ലാബാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്.

വിക്ഷേപണത്തിന് ശേഷം നീണ്ട അഞ്ചു വര്‍ഷം ചൈനീസ് ബഹിരാകാശ മേഖലയില്‍ നിരവധി ദൗത്യങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ടിയാങ്കോങ്-1 നേതൃത്വം വഹിച്ചിരുന്നു. എന്നാല്‍ ടിയാങ്കോങിന് മേലുള്ള തങ്ങളുടെ നിയന്ത്രണം കൈവിട്ടതായി 2016 സെപ്തംബറിലാണ് ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ അറിയിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട ടിയാങ്കോങ്, 2017 ന്റെ അവസാന പാദത്തില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് സംഭവിച്ചില്ല. ഇതിന് ശേഷമാണ് ഒരു മാസത്തിനുള്ളില്‍ പേടകം ഭൂമിയിലേക്ക് പതിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

9.5 ടണ്‍ ഭാരമുള്ളതാണ് ടിയാങ്കോങ്-1. മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 9 വരെയുള്ള ഏതെങ്കിലും ദിവസത്തില്‍ ടിയാങ്കോങ്-1 ഭൂമിയിലേക്ക് പതിക്കുമെന്നാണ് ഇവരുടെ നീരിക്ഷണം. പഠനങ്ങള്‍ പ്രകാരം സ്‌പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവിടങ്ങളില്‍ എവിടെയെങ്കിലും ഇവ പതിക്കാനാണ് ചെനീസ് ശാസ്ത്രജ്ഞന്‍മാര്‍ സാധ്യത കാണുന്നത്.

അമേരിക്ക, ചൈന, മിഡില്‍ ഈസ്റ്റ്, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലും ഇവ പതിക്കാനുള്ള സാധ്യത കാണുന്നതായി വേറൊരു പഠനങ്ങളും അനുമാനിക്കുന്നു. അന്തരീക്ഷത്തിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങള്‍ പോലും ഇവയുടെ ദിശ തെറ്റിക്കാന്‍ പര്യാപ്തമാണ്.

എന്നാല്‍ ആരും തന്നെ ഭയപ്പെടേണ്ടതില്ലെന്നും, ചെറിയ കഷ്ണങ്ങളായാണ് ഇവ ഭൂമിയിലേക്ക് പതിക്കുക, അതുകൊണ്ട് തന്നെ ഇവ ജീവഹാനിക്ക് ഇടവരുത്തില്ലെന്നും ശാസ്ത്രജ്ഞന്‍മാര്‍ ഉറപ്പ് നല്‍കുന്നു. ഭൂമിയിലേക്ക് പതിക്കുന്ന ബഹിരാകാശ യന്ത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ചരിത്രത്തില്‍ ഇന്നേ വരെ വളരെ അപൂര്‍വമായി മാത്രമേ മനുഷ്യ ശരീരത്തില്‍ പതിച്ചിട്ടുള്ളുവെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here