സെല്‍ഫി വിനയായി; കല്ല്യാണം മുടങ്ങി

അഹമ്മദാബാദ് :വിവാഹ ചടങ്ങില്‍ വെച്ച് സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനൊടുവില്‍ ചടങ്ങ് അലങ്കോലമായി. ഗുജറാത്തിലെ അഹമ്മദാബാദില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഈ വിചിത്രമായ സംഗതി അരങ്ങേറിയത്. സെല്‍ഫിയെടുത്തതിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വരന്‍ പിണങ്ങി പോയതോട് കൂടിയാണ് വിവാഹം മുടങ്ങിയത്.

അഹമ്മദാബാദിലെ ബസ്ത്രാല സ്വദേശിയായ സഞ്ജയ് ചൗഹാനാണ് ഈ വിധം പിണങ്ങി പോയത്. അമരാവതിയിലെ ബികോം വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയുമായിട്ടായിരുന്നു ഇദ്ദേഹത്തിന്റെ കല്ല്യാണം നിശ്ചയിച്ചിരുന്നത്. നഗരത്തിലെ ഒരു ഹാളിലായിരുന്നു ചടങ്ങുകള്‍. വിവാഹ ചടങ്ങുകള്‍ക്കായി വരന്റെ സംഘം ഘോഷയാത്രയായി രാത്രി 10 മണിയോടെ ഹാളിലേക്കെത്തി.

വധുവിന്റെ വീട്ടുകാരും ബന്ധുക്കളും ഇവരെ ആഘോഷപൂര്‍വം വേദിയിലേക്ക് സ്വീകരിച്ചു. ഭക്ഷണം വിതരണം ചെയ്യുന്ന സമയം സഞ്ജയ് വധു മേയ്ക്കപ്പ് ചെയ്യുന്ന സ്ഥലത്തെത്തി പെണ്‍കുട്ടിയുമായി ചേര്‍ന്ന് ഫോട്ടോയെടുക്കാന്‍ തുടങ്ങി. ദീര്‍ഘ നേരമായിട്ടും ഇയാള്‍ സെല്‍ഫി എടുക്കല്‍ അവസാനിപ്പിക്കാത്തത് കണ്ട് പെണ്‍കുട്ടി ദേഷ്യപ്പെട്ടു.

ഇതിനെ തുടര്‍ന്ന് സഞ്ജയ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ബഹളം കേട്ട് ഇരുവീട്ടുകാരും ഇവര്‍ക്ക് അരികിലേക്ക് എത്തി. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ഇവര്‍ക്കരികിലേക്ക് എത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ സഞ്ജയ് മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കല്ല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നറിയിച്ച് വരന്‍ വിവാഹ പന്തലില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നഷ്ട പരിഹാരം അവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here