ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായ യുവാവ് ഇവിടെയുണ്ട്

ഹൈദരാബാദ് : ആരിലും അമ്പരപ്പുളവാക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കുതിച്ചെത്തുന്ന ട്രെയിനിന് മുന്നില്‍ നിന്ന് യുവാവ് സെല്‍ഫിയെടുക്കുന്നു. ട്രെയിന്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുന്ന മട്ടിലായിരുന്നു പിന്നെ ദൃശ്യങ്ങള്‍.ശേഷം ദൃശ്യങ്ങളില്‍ അയാളെ കാണുന്നില്ല. ക്യാമറ വല്ലാതെ ഇളകിയപ്പോള്‍ ചിത്രീകരിക്കപ്പെട്ട ട്രെയിന്‍ ദൃശ്യങ്ങളാണുള്ളത്. അവിടെ വെച്ച് വിഷ്വലുകള്‍ അവസാനിക്കുകയും ചെയ്യുന്നു.യുവാവ് മരണപ്പെട്ടിരിക്കാമെന്നോ അല്ലെങ്കില്‍ അയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരിക്കാമെന്നോ ദൃശ്യങ്ങള്‍ കണ്ടാല്‍ തോന്നും. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായതിന് പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചു.അതിവേഗതയില്‍ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത യുവാവ് ഗുരുതരാവസ്ഥയില്‍ എന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ഹൈദരാബാദ് സ്വദേശിയായ ശിവയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രചരിച്ചിരുന്നു.എന്നാല്‍ ശിവയുടെ എറ്റവും പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് സുഹൃത്തുക്കള്‍. ശിവയെയും ലൈവ് വീഡിയോയില്‍
കാണാം. യുവാവിന് കുഴപ്പമൊന്നുമില്ലെന്ന് സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.

ശിവ പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു. സംഭവത്തെക്കുറിച്ച് സുഹൃത്തുക്കള്‍ പറയുന്നതിങ്ങനെ. 25 കാരനായ ശിവ ബോറബന്ത സ്‌റ്റേഷന് സമീപത്ത് വെച്ച് ബുധനാഴ്ചയാണ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ട്രെയിന്‍ വരുമ്പോള്‍ മാറാന്‍ ഹോംഗാര്‍ഡ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശിവ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ അപകടം മനസ്സിലാക്കിയ എഞ്ചിന്‍ ഡ്രൈവര്‍ എമര്‍ജന്‍സി ബ്രെയ്ക്ക് ഉപയോഗിക്കുകയായിരുന്നു. ഇതോടെ ഇടിയുടെ ആഘാതം കുറഞ്ഞു. അതിനാല്‍ വന്‍ ദുരന്തമൊഴിവായി. നേരിയ തോതിലുള്ള പരിക്കേ ശിവയ്ക്ക് സംഭവിച്ചിട്ടുള്ളൂവെന്നും ഒരു സ്വകാര്യ ആശുപത്രിയില്‍ കാണിച്ച് ഉടന്‍ തന്നെ മടങ്ങിയെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.അതേസമയം സംഭവത്തില്‍ സിവയ്‌ക്കെതിരെ റെയില്‍വേ പൊലീസ് കേസെടുക്കുകയും റെയില്‍വേ കേസുകള്‍ പരിഗണിക്കുന്ന കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇയാള്‍ക്ക് 500 രൂപ പിഴ വിധിച്ചിട്ടുമുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ ….

LEAVE A REPLY

Please enter your comment!
Please enter your name here