വിടവാങ്ങല്‍ ചടങ്ങില്‍ വെടിവെച്ച് ഉദ്യോഗസ്ഥന്‍

പട്‌നാ :വിടവാങ്ങല്‍ ചടങ്ങിനിടയിലെ ആഘോഷങ്ങള്‍ക്കിടെ തോക്കെടുത്ത് ആകാശത്തേക്ക് വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ വിവാദത്തില്‍. ബിഹാറിലെ കത്തിഹാര്‍ ജില്ലയിലെ എസ് പി ആയിരുന്ന സിദ്ധാര്‍ത്ഥ് മോഹന്‍ ജെയ്ന്‍ ആണ് തോക്കെടുത്ത് ആകാശത്ത് വെടിവെച്ചതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ടത്. അടുത്തിടെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പൊലീസ് സേനയിലെ മിടുക്കരായ ഏതാനും ഉദ്യോഗസ്ഥരെ സിബിഐയിലേക്ക് നിയമിച്ചത്

ഈ കുട്ടത്തിലാണ് ഐപിഎസ്സുകാരനായ സിദ്ധാര്‍ത്ഥ് മോഹന്‍ ജെയ്‌നും സിബിഐയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ഇതിനെ തുടര്‍ന്ന് നടത്തിയ വിടവാങ്ങല്‍ ചടങ്ങിലെ ആഘോഷങ്ങള്‍ക്കിടെയായിരുന്നു ഇദ്ദേഹം ആകാശത്തേക്ക് ഒമ്പത് റൗണ്ട് വെടിവെച്ചത്. തനിക്കൊപ്പം സ്ഥാനക്കയറ്റം ലഭിച്ച മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍
ആലപിച്ച ഹിന്ദി ഗാനത്തിന്റെ താളത്തിന് അനുസരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ വെടിവെക്കല്‍.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് മോഹന്‍ വിവാദത്തിലായി. എന്നാല്‍ ഇയാള്‍ക്കെതിരെ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വിവാഹമടക്കമുള്ള ആഘോഷ ചടങ്ങുകള്‍ക്കിടെ ആകാശത്തേക്ക് വെടിവെക്കുക എന്നത് ഉത്തരേന്ത്യേയില്‍ സ്ഥിരം സംഭവമാണ്. നിയമപരമായ വിലക്കുകള്‍ ഉണ്ടെങ്കിലും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും പലപ്പോഴും പൊലീസ് നടപടിയൊന്നും സ്വീകരിക്കാറില്ല. ഇത്തരം വെടിവെപ്പുകള്‍ക്കിടയില്‍ പലപ്പോഴും ജീവഹാനി വരെ സംഭവിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here