ഷുക്കൂര്‍ വധക്കേസില്‍ പരോക്ഷ കുറ്റസമ്മതം

കൊച്ചി :അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പരോക്ഷ കുറ്റസമ്മതം നടത്തി എ എന്‍ ഷംസീര്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മട്ടന്നൂരിലെ ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് ഷംസീറിന്റെ ഈ പരോക്ഷ കുറ്റസമ്മതം.

‘അരിയില്‍ ഷുക്കൂറിനെ കൊന്ന കേസില്‍ ബന്ധമില്ലെന്ന് ഞങ്ങള്‍ പറഞ്ഞില്ലല്ലോ, അത് ഒരു പ്ലാന്‍ഡ് മര്‍ഡറൊന്നുമല്ല, അതൊരു മാസ് സംഭവമാണ്, ഒരു ജനക്കൂട്ടം അക്രമിച്ച്  നടന്ന സംഭവമാണ്, ഞങ്ങള്‍ ആ സംഭവം ഇല്ലായെന്ന് പറഞ്ഞിട്ടില്ല, ഞങ്ങളുടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും പറഞ്ഞിട്ടില്ല’. ഇതായിരുന്നു ഷംസീറിന്റെ വാക്കുകള്‍.2012 ഫെബ്രുവരി 20 നാണ് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധിക്കപ്പെടുന്നത്. രണ്ടര മണിക്കൂര്‍ വിചാരണ നടത്തിയതിന് ശേഷമുള്ള ക്രൂര കൊലപാതകം എന്ന രീതിയില്‍ ഈ കേസ് സംസ്ഥാന രാഷ്ട്രീയത്തിലടക്കം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ടി വി രാജേഷ് എംഎല്‍എ എന്നിവരെ കൂടാതെ നിരവധി പ്രദേശിക സിപിഎം നേതാക്കളും പ്രതിയായിട്ടുള്ള കേസില്‍ സിബിഐ അന്വേഷണം നടക്കുന്നതിനിടെയാണ് ഷംസീറിന്റെ ഈ വിവാദ പരാമര്‍ശം.

അതേ സമയം ഷുക്കൂര്‍ വധക്കേസിന് പിന്നില്‍ സിപിഎം ആണെന്ന് വെളിപ്പെടുത്തിയ എഎന്‍ ഷംസീര്‍ എംഎല്‍എയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ സിബിഐ തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here