ഗര്‍ഭിണിയെ രക്ഷിച്ച ഷാര്‍ജാ പൊലീസ്

ഷാര്‍ജ :പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴി ട്രാഫിക് കുരുക്കില്‍ അകപ്പെട്ട പ്രവാസി യുവതിയെ രക്ഷിച്ചത് ഷാര്‍ജാ പൊലീസ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഷാര്‍ജാ പൊലീസിന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഗര്‍ഭിണിയായ യുവതിക്ക് എളുപ്പത്തില്‍ ആശുപത്രിയില്‍ എത്താനായത്.

ഷാര്‍ജയില്‍ താമസിക്കുന്ന ഏഷ്യന്‍ സ്വദേശിനിയായ പ്രവാസി യുവതിക്ക് പുലര്‍ച്ചെയാണ് പ്രസവ വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ഭര്‍ത്താവ് യുവതിയേയും കൊണ്ട് ദുബായിലെ സുലേഖാ ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ഇവര്‍ സഞ്ചരിച്ച വാഹനം അതിരാവിലെയുള്ള ട്രാഫിക് കുരുക്കില്‍ പെട്ടു.

നടുറോഡില്‍ വെച്ച് യുവതി പ്രസവ വേദന കാരണം കരയാന്‍ തുടങ്ങിയതോടെ ഭര്‍ത്താവിനും പരിഭ്രാന്തിയായി. അദ്ദേഹം ഉടന്‍ തന്നെ ദുബായ് പൊലീസിന്റെ കണ്‍ട്രോണ്‍ റൂമില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. ഇവര്‍ ഉടന്‍ തന്നെ ഈ വിവരം ഷാര്‍ജാ പൊലീസിന് കൈമാറി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഷാര്‍ജാ പൊലീസിന്റെ ആംബുലന്‍സ് ട്രാഫിക് കുരുക്കിനിടയില്‍ കൂടി ഇവരുടെ വാഹനത്തിന് അടുത്തെത്തി.

യുവതിയേയും വഹിച്ച് ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രിയില്‍ വെച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. തക്കസമയത്ത് ഷാര്‍ജാ പൊലീസ് നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടലിനെ പ്രശംസകള്‍ കൊണ്ട് മൂടുകയാണ് പ്രവാസ ലോകം.

LEAVE A REPLY

Please enter your comment!
Please enter your name here