ശശിതരൂരിനെ പ്രതി ചേര്‍ത്ത് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണത്തില്‍ തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണ് എംപിയായ തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. സുനന്ദയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹി എയിംസ് ആശുപത്രിയിലും വിദേശത്തും സുനന്ദയുടെ ആന്തരിക അവയവങ്ങള്‍ വിദഗ്ധ പരിശോധന നടത്തിയ ഫലങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എന്നാല്‍, സുനന്ദയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്ന മുറിവുകള്‍ തനിയെ എല്‍പ്പിച്ചതായിരിക്കാമെന്ന വിലയിരുത്തലുകളിലാണ് ഡല്‍ഹി പോലീസ് എത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ മാസം 24ന് പട്യാല കോടതിയില്‍ കേസ് പരിഗണിക്കും.

അതേസമയം യുക്തിക്കു നിരക്കാത്ത കുറ്റപത്രമാണു പൊലീസ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിനെ ശക്തമായിത്തന്നെ നേരിടുമെന്നും ശശി തരൂർ വ്യക്തമാക്കി. താൻ കാരണമാണ് ആത്മഹത്യയെന്നതു സുനന്ദയെ അറിയാവുന്ന ആരും വിശ്വസിക്കുകയില്ല. പൊലീസിന്റേത് അവിശ്വസനീയ നടപടിയാണെന്നും തരൂർ ട്വീറ്റ് ചെയ്തു.

‘നാലു വർഷത്തിലേറെയെടുത്തു പുറത്തുവന്ന അന്വേഷണ റിപ്പോർട്ട് ഇതാണെങ്കിൽ ഡൽഹി പൊലീസിന്റെ രീതികളും എന്താണ് അവരെ ഇത്തരമൊരു കുറ്റപത്രത്തിലേക്കു നയിച്ചതെന്നതു സംബന്ധിച്ചും എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്.

സുനന്ദയുടെ മരണത്തിൽ ആർക്കെതിരെയും ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതിയിൽ ഇക്കഴിഞ്ഞ ഒക്ടോബർ 17നു പൊലീസിന്റെ അഭിഭാഷകൻ തന്നെ സമ്മതിച്ചതാണ്. ആറുമാസത്തിനു ശേഷം അവരിപ്പോൾ പറയുന്നു ആത്മഹത്യയ്ക്കു പ്രേരണയായത് ഞാനാണെന്ന്. അവിശ്വസനീയം!’–തരൂർ കുറിച്ചു.

ഡൽഹിയിലെ ആഡംബര ഹോട്ടലിൽ  2014 ജനുവരി 17നാണ്​ സുനന്ദ പുഷ്​കറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്​. വിഷം ഉള്ളിൽ ചെന്ന്​ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയിൽ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു.

മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്​കറി​​​​​​​​​​​​ന്റെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നുവെന്ന്​ പോസ്​റ്റ്​​മോർട്ടത്തിൽ വ്യക്​തമായിരുന്നു. തുടർന്നാണ്​ ​സുനന്ദയുടെ മരണത്തിൽ കൊലപാതക കേസ്​ രജിസ്​റ്റർ ചെയ്​ത്​ ഡൽഹി പൊലീസ്​ അന്വേഷണം ആരംഭിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here