ശശിതരൂര്‍ വിചാരണ നേരിടണം

ന്യൂഡല്‍ഹി : സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപി വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതി. ജൂലൈ 7 ന് ഹാജരാകാന്‍ കോടതി മുന്‍ കേന്ദ്രമന്ത്രികൂടിയായ ശശി തരൂരിന് സമന്‍സ് അയച്ചു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി തരൂരിനെ പ്രതിചേര്‍ത്ത് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

മരണത്തിന് മുന്‍പുള്ള സുനന്ദയുടെ ഇമെയിലുകളും സമൂഹ മാധ്യമ സന്ദേശങ്ങളും
ആത്മഹത്യാ കുറിപ്പായി പരിഗണിച്ചായിരുന്നു കുറ്റപത്രം. കഴിഞ്ഞ മാസം 14 നാണ് തിരുവനന്തപുരം എംപിക്കെതിരെ 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.

ജീവിക്കാന്‍ തനിക്ക് ഒരാഗ്രഹവുമില്ലെന്നും മരണത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥനകളെന്നും ജനുവരി 8 ന് അയച്ച ഇമെയിലില്‍ സുനന്ദ പരാമര്‍ശിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ഇതിന് 9 ദിവസങ്ങള്‍ക്ക് ശേഷമാണ് സുനന്ദയെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മരണത്തിന് തൊട്ടുമുന്‍പുള്ള സുനന്ദയുടെ കോളുകകള്‍ ശശി തരൂര്‍ അവഗണിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തരൂരിന് സന്ദേശങ്ങള്‍ അയച്ചെങ്കിലും അതും പരിഗണിച്ചില്ല.

സുനന്ദ വിഷാദത്തിന് അടിമപ്പെടുമ്പോള്‍ ശശി തരൂര്‍ അവരെ അവഗണിക്കുകയായിരുന്നുവെന്നും ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയപ്രേരിത നടപടിയാണിതെന്നായിരുന്നു ശശിതരൂരിന്റെയും കോണ്‍ഗ്രസിന്റെയും പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here