ശശി തരൂറിന് ട്വിറ്ററില്‍ പൊങ്കാല മേളം

ന്യൂഡല്‍ഹി :നിരവധി പുതിയ ഇംഗ്ലീഷ് പദങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പരിച്ചയപ്പെടുത്തിയും ബിജെപിക്കെതിരെ കുറിക്ക് കൊള്ളുന്ന വിമര്‍ശനങ്ങള്‍ നടത്തിയും സമൂഹ മാധ്യമങ്ങളിലെ തിളങ്ങുന്ന താരമാണ് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായി ശശി തരൂര്‍.

എന്തിനേറെ പറയുന്നു, ഈ വര്‍ദ്ധിച്ച ജനസമ്മിതി കാരണം സമൂഹ മാധ്യമത്തില്‍ കൂടി വിവാഹാലോചനകള്‍ക്ക് വരെ ഇദ്ദേഹത്തിന് മറുപടി കൊടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ സദ്ദുദ്യേശത്തോടെ ചെയ്ത ഒരു ട്വീറ്റ് ഒടുവില്‍ ട്രോളുകളുടെ ഒരു മഹാപൊങ്കാലയാണ് ശശി തരൂരിന് സമ്മാനിച്ചത്.

ജൈനമത സ്ഥാപകനും ആരാധന മൂര്‍ത്തിയുമായ മഹാവീരന്റെ ജന്മദിനമായിരുന്നു വെള്ളിയാഴ്ച. അതുകൊണ്ട് രാവിലെ തന്നെ ഏവര്‍ക്കും മഹാവീര ജയന്തി ആശംസകള്‍ നേര്‍ന്ന് ഒരു ചിത്രം ശശി തരൂര്‍ തന്റെ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

എന്നാല്‍ ഒരു ചെറിയ അമളി പറ്റി. പോസ്റ്റ് ചെയ്ത ചിത്രം ജൈനമത സ്ഥാപകനായ മഹാവീരന്റെ ആയിരുന്നില്ല മറിച്ച് ശ്രീബുദ്ധന്റെതായിരുന്നു. മിനുട്ടുകള്‍ക്ക് ശേഷം തനിക്ക് പറ്റിയ അമളി മനസ്സിലാക്കി ചിത്രത്തിന് താഴെ അദ്ദേഹം തന്നെ ഒരു തിരുത്തുമിട്ടു. തെറ്റ് മനസ്സിലാക്കുന്നതായി സമ്മതിച്ച തരൂര്‍ തനിക്ക് ഈ ചിത്രം കിട്ടിയ സ്രോതസ്സും വ്യക്തമാക്കി. കൂടാതെ തനിക്ക് പറ്റിയ തെറ്റിന് നന്ദി പറയുന്നതായും അതു കാരണം കൂടുതല്‍ ആളുകള്‍ മഹാവീരനെ കുറിച്ച് ട്വീറ്റ് ചെയ്യുന്നതായും അദ്ദേഹം തിരുത്തില്‍ എഴുതി.

എന്നാല്‍ ഇതു കൊണ്ടൊന്നും ട്രോളന്‍മാര്‍ അടങ്ങിയില്ല, ശശി തരൂറിന്റെ അമളിയെ പരിഹസിച്ച് വ്യാപക ട്രോളുകളാണ് ട്വിറ്ററില്‍ പുറത്തിറങ്ങുന്നത്. എന്നിരുന്നാലും മറ്റ് രാഷ്ട്രീയ നേതാക്കളില്‍ നിന്നും വ്യത്യസ്ഥമായി തനിക്ക് പറ്റിയ തെറ്റിനെ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുകയും തുറന്ന് പറയാനും തരൂര്‍ കാണിച്ച മനസ്സിനെ കയ്യടിച്ച് സ്വീകരിക്കുകയാണ് സോഷ്യല്‍ മീഡിയ.

LEAVE A REPLY

Please enter your comment!
Please enter your name here