സാധു വൃദ്ധന് ദുബായ് ഭരണാധികാരിയുടെ സര്‍പ്രൈസ്

ദുബായ് :സ്വന്തമായി വീടില്ല എന്ന കാരണത്താല്‍ തത്സമയ റേഡിയോ പരിപാടിക്കിടെ അപമാനിക്കപ്പെട്ട പൗരനെ മന്ത്രിസഭാ യോഗത്തിലേക്ക് ക്ഷണിച്ച് ദുബായ് ഭരണാധികാരി. റാസല്‍ ഖൈമ സ്വദേശിയായ അലി അല്‍ മസ്‌റൂയി എന്ന 57 വയസ്സുകാരനെയാണ് മന്ത്രിസഭാ യോഗത്തിലേക്ക് ദുബായ് ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ക്ഷണിച്ചത്.

രാജ്യത്ത് വളരെ താഴ്ന്ന വരുമാനം ലഭിക്കുന്ന പൗരന്‍മാരുടെ ജീവിത സുരക്ഷ ഉറപ്പ് വരുത്തുന്നതിലേക്കായി സാമൂഹിക വികസന മന്ത്രാലയം ചേരുന്ന യോഗത്തിലേക്കാണ് ഇദ്ദേഹത്തിന് ക്ഷണം. കഴിഞ്ഞയാഴ്ച അജ്മാനിലെ ഒരു റേഡിയോ ചാനലിന്റെ ലൈവ് പരിപാടിക്കിടയില്‍ വിളിച്ചായിരുന്നു അല്‍ മസ്‌റൂയി തന്റെ ദുരിത കഥ വിവരിച്ചത്.

ഒന്‍പത് മക്കളുള്ള തനിക്ക് സ്വന്തമായി ഒരു വീട് വെക്കുവാന്‍ പോലും ഇവിടെ സാധിക്കുന്നില്ല. ഭക്ഷ്യ വസ്തുക്കളുടെ വില അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് യുഎഇയില്‍ ജീവിക്കാന്‍ ബുദ്ധമുട്ട് ഏറി വരികയാണെന്നായിരുന്നു ഇദ്ദേഹത്തിന് സര്‍ക്കാരിനോടുള്ള പരാതി. ഇത് പറയുവാന്‍ വേണ്ടി മാത്രമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തത്.

എന്നാല്‍ അവതാരകന്‍ ഇദ്ദേഹത്തെ പരിഹസിക്കുന്ന തരത്തിലുള്ള മറുപടികളാണ് തുടര്‍ന്ന് നല്‍കിയത്. സമൂഹ മാധ്യമങ്ങള്‍ വഴി ഈ ഓഡിയോ വ്യാപകമായി പ്രചരിക്കപ്പെടുകയും ഒടുവില്‍ ദുബായ് ഭരണാധികാരിയുടെ ചെവികളില്‍ എത്തുകയും ചെയ്തു. പൗരന്റെ പരാതി കേട്ട റാഷിദ് അല്‍ മക്തും ഞായറാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിലേക്ക് ഇദ്ദേഹത്തെ ക്ഷണിക്കുകയുമായിരുന്നു.

വൃദ്ധനെ അപമാനിച്ച സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയതോടെ റേഡിയോ പരിപാടിയുടെ അവതാരകനെ സസ്‌പെന്റ് ചെയ്യാന്‍ അജ്മാന്‍ കിരീടവകാശി ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here