‘സെഞ്ച്വറി’ മത്സരത്തില്‍ ധവാന് സെഞ്ച്വറി

ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ സെഞ്ച്വറി കുറിച്ച് ശിഖര്‍ ധവാന്‍. തന്റെ നൂറാം മത്സരത്തിലാണ് ധവാന്‍ സെഞ്ച്വറി നേടിയത്. ഒരിന്ത്യന്‍ താരം ഈ സുവര്‍ണനേട്ടം കൈവരിക്കുന്നത് ഇതാദ്യമാണെന്നതാണ് സവിശേഷത. ഇതോടെ നൂറാം മത്സരത്തില്‍ സെഞ്ച്വറിയടിക്കുന്ന ഒന്‍പതാമത്തെ ബാറ്റ്‌സ്മാനായി ധവാന്‍.

താരം 105 പന്തുകളില്‍ 109 റണ്‍സ് നേടി. ധവാന്റെ കരിയറിലെ 13 ാം സെഞ്ച്വറിക്കാണ് വാണ്ടറേര്‍സ് സ്റ്റേഡിയം വേദിയായത്. 99 പന്തില്‍ നിന്നാണ് നൂറ് റണ്‍സ് പൂര്‍ത്തിയാക്കിയത്. പത്ത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്ന ചേതോഹര ഇന്നിംഗസ് ധവാന്‍ കാണികള്‍ക്ക് മുന്നില്‍ കാഴ്ചവെച്ചു.

ധവാന്റെ സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ഇന്ത്യ 290 റണ്‍സിന്റെ വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍പില്‍ വെച്ചത്. കോഹ്‌ലിയും ധവാനും ചേര്‍ന്ന് നൂറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്ന, പരമ്പരയിലെ രണ്ടാമത്തെ മത്സരവുമായി ഇത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 289 റണ്‍സെടിച്ചത്.

കോഹ്‌ലി 83 പന്തില്‍ 75 റണ്‍സെടുത്തു. എംഎസ് ധോണി 66 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 5 നും രഹാനെ 8 നും ഹാര്‍ദിക് പാണ്ഡ്യ 9 നും ഭുവനേശ്വര്‍ കുമാര്‍ 5 നും പുറത്തായി. ശ്രേയസ് അയ്യര്‍ 18 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ, എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here