ഷോണ്‍ ജോര്‍ജ് കോട്ടയം എസ്പിക്ക് പരാതി നല്‍കി

കോട്ടയം : ട്രെയിനില്‍ അപമാനിക്കപ്പെട്ടെന്ന നിഷ ജോസിന്റെ വെളിപ്പെടുത്തതില്‍, തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ഷോണ്‍ ജോര്‍ജ് രംഗത്ത്. വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് കോട്ടയം എസ്പിക്ക് പരാതി നല്‍കി. ജോസ് കെ മാണിയുടെ ഭാര്യയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കാണിച്ചാണ് പരാതി.

അന്നത്തെ ട്രെയിന്‍ യാത്രയില്‍ ആരാണ് അപമാനിക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന, ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തിലായിരുന്നു നിഷയുടെ വെളിപ്പെടുത്തല്‍.

ഒരു ദിവസം രാത്രി വൈകി തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ ശല്യം ചെയ്‌തെന്നായിരുന്നു പരാമര്‍ശം. 3-4 തവണ കാലില്‍ സ്പര്‍ശിച്ചെന്നും താന്‍ ടിടിആറിനോട് പരാതിപ്പെട്ടപ്പോള്‍ അദ്ദേഹം കയ്യൊഴിയുകയായിരുന്നുവെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ അവരെ അപമാനിച്ചത് താനല്ലെന്ന് തെളിയിക്കുംവരെ നിയമ പോരാട്ടം തുടരുമെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ വെച്ച്, അച്ഛന്റെ പേര് പറഞ്ഞ് പരിചയപ്പെടുത്തിയയാള്‍ എന്നാണ് നിഷ പറയുന്നത്. എന്നാല്‍ എന്നെ നിഷയ്ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. താന്‍ 2010 മുതല്‍ കേരള കോണ്‍ഗ്രസിലുണ്ടായിരുന്നു.

പിതാവ് പിസി ജോര്‍ജ് ആ പാര്‍ട്ടിയുടെ പ്രതിനിധിയായി ചീഫ് വിപ്പായിരുന്നു. താന്‍ ആ സമയം അതേ പാര്‍ട്ടിയില്‍ നിന്നുള്ള യുവജനക്ഷേമ ബോര്‍ഡ് അംഗവുമായിരുന്നു. അങ്ങനെയെങ്കില്‍ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. അവര്‍ പേര് വെളിപ്പെടുത്താത്തതിനാല്‍ ആരോപണം തന്റെ തലയിലായിരിക്കുകയാണ്. അതില്‍ വ്യക്തത വരേണ്ടതുണ്ട്.

പുസ്തകത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഇല്ലാത്ത കാര്യങ്ങള്‍ തന്റെ തലയിലിടുകയാണ്‌. തനിക്കെതിരെ പരാതി കൊടുക്കാന്‍ നിഷ തയ്യാറാകണം. പുസ്തകത്തില്‍ പരാമര്‍ശിച്ച ടിടിആറിനെ ചോദ്യം ചെയ്യണം. അപമാനിച്ചത് താനല്ലെന്ന് തെളിയിക്കും വരെ നിയമപോരാട്ടം തുടരും. അടുത്തതായി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ധനമന്ത്രിയുടെ മരുമകളും എംപിയുടെ ഭാര്യയുമായിരുന്നിട്ടും അപമാനിച്ചയാള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകാതിരുന്നത് നിഷയുടെ ഗുരുതര വീഴ്ചയാണെന്നും ഷോണ്‍ ചൂണ്ടിക്കാട്ടി. സോളാര്‍ കേസില്‍ ജോസ് കെ മാണി ആരോപണ വിധേയനാണ്.

അതിനാല്‍ തിരിച്ച് തന്റെ പേരിലും ഒരു ആക്ഷേപം ഇരിക്കട്ടെയെന്ന് കരുതിയായിരിക്കും ഈ അപകീര്‍ത്തിപ്പെടുത്തല്‍. ഭാര്യ വന്ന് ഇങ്ങനെയൊരു സംഭവം പറഞ്ഞാല്‍ ആത്മാഭിമാനമുള്ള ഭര്‍ത്താവാണെങ്കില്‍ ചെയ്തവന്റെ കരണക്കുറ്റിക്ക് അടിക്കുകയാണ് ആദ്യം ചെയ്യുകയെന്നും ഷോണ്‍ ജോസ് കെ മാണിയെ പരിഹസിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here