‘കോഴികള്‍ ഇല്ലാത്ത ഭൂമി’ ശ്രദ്ധയാകര്‍ഷിക്കുന്നു

ജാതി,മത ചിന്തകള്‍ ഏത്രമാത്രം ആഴത്തില്‍ വേരാഴ്ത്തി,മനസ്സുകളില്‍ ധ്രുവീകരണമുണ്ടാക്കുന്നുവെന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് ‘കോഴികള്‍ ഇല്ലാത്ത ഭൂമി’ എന്ന ഹ്രസ്വചിത്രം. ആക്ഷേപഹാസ്യത്തിന്റെ അടരുകളില്‍ സാമൂഹ്യ വിമര്‍ശനം സാധ്യമാക്കുന്ന ചിത്രം വിശാല്‍ വിശ്വനാഥനാണ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ജനകീയ പങ്കാളിത്തത്തോടെ ഒരുക്കിയ ചിത്രം ഇതിനകം മുപ്പതോളം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. ആദിമധ്യാന്തം രസച്ചരട് മുറിയാതെയാണ് ചിത്രത്തിന്റ ആഖ്യാനം. മനുഷ്യര്‍ ജാതി-മത ചട്ടക്കൂടുകളില്‍ ബന്ധിതമാണ്. എന്നാല്‍ ലോകത്തെ മറ്റൊരു ജീവിവര്‍ഗത്തിലും ഇത്തരം വിഭാഗീയതയില്ല. ആണും പെണ്ണുമെന്ന ജൈവശാസ്ത്രപരമായ വേര്‍തിരിവ് മാത്രമാണുള്ളത്.

എന്നാല്‍ ആധുനികരെന്ന് അവകാശപ്പെടുന്ന സമൂഹം തീവ്ര മതജാതി ചിന്തകള്‍ക്ക് അടിമപ്പെടുന്നതിന്റെ നിരവധി സാക്ഷ്യങ്ങള്‍ നമുക്കുമുന്നിലുണ്ട്. അത്തരം ദുര്യോഗത്തെ പ്രമേയവല്‍ക്കരിക്കുകയാണ് ‘കോഴികള്‍ ഇല്ലാത്ത ഭൂമി’.

മനുഷ്യന്‍ എന്ന ആത്യന്തിക ഭാവത്തിനപ്പുറം ഹിന്ദുവെന്നും മുസല്‍മാനെന്നും ക്രിസ്ത്യനെന്നുമുള്ള കള്ളികളില്‍ വ്യക്തികള്‍ തളയ്ക്കപ്പെട്ട പോലെ യഥാര്‍ത്ഥ കോഴി ഇല്ലാതാവുകയും പകരം മതവും ജാതിയുമുള്ള കോഴികള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ദുരവസ്ഥയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം.

ഒരു കോഴിക്കടയാണ് കഥാപരിസരം. ഉടമ, കച്ചവടത്തില്‍ പ്രതിന്ധികളെ അഭിമുഖീകരിക്കുമ്പോള്‍, ഒരു നസ്രാണി കോഴി വാങ്ങാനെത്തുകയാണ്. അയാള്‍ക്ക് ക്രിസ്ത്യന്‍ കോഴിയെ വേണം. എന്നാല്‍ തന്റെ പക്കല്‍ സാധാരണ കോഴിയേ ഉള്ളൂവെന്ന് ശുദ്ധഗതിക്കാരനായ കടക്കാരന്‍ വ്യക്തമാക്കുന്നു. ഇതോടെ അയാള്‍ മാംസം വാങ്ങാതെ മടങ്ങുകയാണ്.

തുടര്‍ന്നെത്തുന്നത് ഒരു മുസ്ലിം മതസ്ഥനാണ്. അയാള്‍ക്ക് മുസ്ലിം കോഴിയെ കിട്ടിയേ മതിയാകൂ. ഇതോടെയാണ്, മതത്തിന്റെയും ജാതിയുടെയും ലേബലില്‍ കോഴികളെ വില്‍പ്പനയ്ക്കിറക്കിയാല്‍ കച്ചവടം തളിര്‍ക്കുമെന്ന ചിന്ത കടക്കാരനില്‍ ബലപ്പെടുന്നത്. അതായത് തീവ്ര മത ചിന്തകള്‍ ഉള്ളവരാല്‍ ശുദ്ധഗതിക്കാര്‍ സ്വാധീനിക്കപ്പെടുന്നതിന്റെ സാക്ഷ്യം ഇവിടെ കാണാം.

എന്നാല്‍ മത ധ്രുവീകരണമുണ്ടാക്കുന്ന ഈ കച്ചവടം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രദേശത്തെ കമ്മ്യൂണിസ്റ്റ് നേതാവ് രംഗത്തെത്തുന്നു. ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയ്ക്ക് അയാള്‍ ഒരു വിവാഹച്ചടങ്ങിലേക്കായി കോഴികളെ ആവശ്യപ്പെടുകയാണ്. മതരഹിത സമൂഹമെന്നതാണ് കമ്മ്യൂണിസ്റ്റ് ആദര്‍ശം. ഇടത് പ്രത്യയശാസ്ത്രം വിഭാവനം ചെയ്യുന്നത് ജാതി മത രഹിതമായ സമൂഹമാണ്.

പക്ഷേ കമ്മ്യൂണിസ്റ്റുകാരന് കമ്മ്യൂണിസ്റ്റ് കോഴികളെ വേണം. ഫലത്തില്‍ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കനുസൃതമായി സമൂഹം ധ്രുവീകരിക്കപ്പെടുന്നതിന്റെ കാലിക ദുര്യോഗത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് ഈ ഹ്രസ്വചിത്രം. പൊതുവില്‍ വ്യക്തികളെ ഭിന്നിപ്പിക്കുകയാണ് മതവും രാഷ്ട്രീയവുമെന്ന ചിന്ത പങ്കുവെയ്ക്കുന്നു ‘കോഴികള്‍ ഇല്ലാത്ത ഭൂമി’.

ജീവിച്ചിരിക്കുന്നതും മരിച്ചുപോയതുമായ കോഴികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ചിത്രം യൂ ട്യൂബില്‍ തരംഗമാവുകയാണ്. ഛായാഗ്രഹണം ശ്രീയും എഡിറ്റിങ് ഉണ്ണി ഭവാനിയും പശ്ചാത്തല സംഗീതം അബിന്‍ സാഗറും നിര്‍വഹിക്കുന്നു.

വിനീത് വിഎം, ലിബിന്‍ പള്ളാച്ചേരില്‍, സിനി വിശാല്‍, നജീം എസ് മേവറം, രജീഷ് വി നായര്‍, , ദീപക് രാജു, അക്ബര്‍ തൃത്തല്ലൂര്‍, അല്‍ത്താഫ് തൃത്തല്ലൂര്‍, എന്നിവരാണ് ചിത്രത്തിന്റെ പിന്നണിയില്‍.

LEAVE A REPLY

Please enter your comment!
Please enter your name here