സിദ്ധരാമയ്യയുടേത് വോട്ട് ബാങ്ക് രാഷ്ട്രീയം

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ലിംഗായത്ത് വിഷയമുയര്‍ത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ലിംഗായത്ത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി അനുവദിച്ചത് ഇതിന്റെ തെളിവാണ്.

ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കണമെന്ന ആവശ്യം മുന്‍ യുപിഎ സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്. ലിംഗായത്ത് വിഭാഗത്തിന്റെ വോട്ട് ഭിന്നിപ്പിക്കുകയാണ് സിദ്ധരാമയ്യയുടെ ലക്ഷ്യം. ആ വിഭാഗത്തില്‍ നിന്നുള്ള യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയാനാണിതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണ്ണാടകയ്ക്കായി പ്രത്യേക ഗീതമുണ്ടാക്കിയും കൊടി രൂപകല്‍പ്പന ചെയ്തും കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ,പബ്ലിക് ടിവി മേധാവി എച്ച് ആര്‍ രംഗനാഥന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അമിത്ഷാ നിലപാട് വ്യക്തമാക്കിയത്.

യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകയില്‍ ബിജെപി അധികാരം പിടിക്കും. ശേഷം കേരളം, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റാന്‍ ശേഷിയുള്ള പാര്‍ട്ടിയല്ല ജെഡിഎസ്.

അധികാരത്തിലുള്ള പാര്‍ട്ടിയുമല്ല ജെഡിഎസ്. അതിനാലാണ് ആ പാര്‍ട്ടിയെ ബിജെപി കടന്നാക്രമിക്കാത്തതെന്ന്, ജെഡിഎസിനോടുള്ള മൃദുസമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. സിദ്ധരാമയ്യ സര്‍ക്കാര്‍ സര്‍വ്വ മേഖലകളിലും പരാജയമാണ്.

ക്രമസമാധാന നില തകര്‍ന്നു. ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയവരെ കണ്ടെത്താന്‍ പൊലീസിന് ആയില്ല. 24 ബിജെപി പ്രവര്‍ത്തകരാണ് അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.

ബിജെപിക്ക് അധികാരം ലഭിച്ചാല്‍ ആറുമാസത്തിനകം മഹാദായി നദീതര്‍ക്കത്തിന് ശാശ്വത പരിഹാരമുണ്ടാക്കും. മുത്തലാഖ് നിയമം നടപ്പാക്കിയതില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും മുസ്ലിം യുവതികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താനുള്ള പുരോഗമന നടപടിയാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here