ഡെപ്യൂട്ടി കമ്മീഷണറുടെ തലയ്ക്ക് തട്ടി മുഖ്യമന്ത്രി

ചിക്കബല്ലാപുര :തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പ്രഖ്യാപിച്ചെന്ന് ഓര്‍മ്മിപ്പാക്കനെത്തിയ വനിതാ ഡെപ്യൂട്ടി കമ്മീഷണറുടെ തലയ്ക്ക് കൈ കൊണ്ട് തട്ടി കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ചൊവ്വാഴ്ച രാവിലെയാണ് കമ്മീഷന്‍ കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചത്. കമ്മീഷന്റെ ഉത്തരവ് പ്രകാരം മെയ് 12 നാണ് കര്‍ണ്ണാടകയില്‍ തിരഞ്ഞെടുപ്പ്. അതു കൊണ്ട് തന്നെ സംസ്ഥാനത്തെ ജനപ്രതിനിധികള്‍ക്ക് ഇനി സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുവാനോ, ഉദ്ഘാടനങ്ങള്‍ നടത്തുവാനോ, പുതിയ പദ്ധതികള്‍ നടപ്പില്‍ വരുത്തിക്കുവാനോ സാധ്യമല്ല.

ചിക്കബല്ലാപുര ജില്ലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം പ്രഖ്യാപിച്ചത്. ചിക്കബല്ലാപുരയിലെ ഒരു സര്‍ക്കാര്‍ ഡയറി ഫാമിന്റെ ഉദ്ഘാടനം ഇന്നാണ് നിശ്ചയിച്ചിരുന്നത്. ഡയറി ഫാം ഉദ്ഘാടനം ചെയ്യാനായി സിദ്ധരാമയ്യ സ്ഥലത്ത് എത്തിയപ്പോഴാണ് ഡെപ്യൂട്ടി കമ്മീഷണറായ ദീപ്തി ആദിത്യ കഡഡെ മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്തി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ചത്.

ഇത് കേട്ട ഉടനെ അതു കൊണ്ട് എന്താണ് എന്ന് ചോദിച്ച് തമാശയായി മുഖ്യമന്ത്രി കമ്മീഷണറുടെ തലയ്ക്കടിക്കുകയായിരുന്നു. ഡയറി ഫാം സന്ദര്‍ശിച്ചതിന് ശേഷം സിദ്ധരാമയ്യ ഉദ്ഘാടനം നടത്താതെ തിരിച്ച് പോയി. സര്‍ക്കാര്‍ വാഹനം ഉപേക്ഷിച്ച് സ്വന്തം കാറിലാണ് അദ്ദേഹം ഫാമില്‍ നിന്നും തിരിച്ച് പോയത്.

ഒരു തമാശയായാണ് സിദ്ധരാമയ്യ ഈ പെരുമാറ്റം നടത്തിയതെങ്കിലും സമൂഹ മാധ്യമത്തില്‍ വ്യാപകമായ ട്രോളുകളാണ് സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഉയരുന്നത്. നേരത്തേയും പല തവണ സ്ത്രീകളോടുള്ള ഇത്തരത്തിലുള്ള പെരുമാറ്റം കാരണം സിദ്ധരാമയ്യ സമൂഹ മാധ്യമങ്ങളില്‍ പരിഹാസ വിധേയനായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here