മുസ്‌ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസ് ഓഫീസര്‍

നൈനിറ്റാള്‍ : തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ നിന്നും മുസ്‌ലീം യുവാവിനെ രക്ഷിച്ച സിഖ് പൊലീസ് ഉദ്യോഗസ്ഥന് രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും അഭിനന്ദന പ്രവാഹം. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലുള്ള ഗിരിജാ നഗര്‍ ഗ്രാമത്തിലായിരുന്നു രാജ്യത്തെ ഒന്നടങ്കം നാണം കെടുത്തിയ മര്‍ദ്ദനം അരങ്ങേറിയത് .

ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഒരു ഹിന്ദു പെണ്‍കുട്ടിയോടൊപ്പം കാണപ്പെട്ട സുഹൃത്ത് ഒരു മുസ്‌ലീമാണെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമണം ആരംഭിച്ചത്. സംഘടിച്ചെത്തിയ ബജ്‌റംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകര്‍ യുവാവിനെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ഇതിനിടിയിലേക്കാണ് സ്ഥലം എസ്‌ഐയായ ഗഗന്‍ദീപ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എത്തിയത്.

അക്രമകാരികളിലേക്ക് ഇരച്ചു കയറിയ ഗഗന്‍ദീപ് മുസ്‌ലീം യുവാവിനെ തന്റെ കയ്യില്‍ ചേര്‍ത്തു പിടിക്കുകയും ചുറ്റും കൂടി നില്‍ക്കുന്നവരുടെ ആക്രമണങ്ങളില്‍ നിന്നും രക്ഷിച്ച് സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഈ യുവാവിന്റെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഹിന്ദുത്വ വാദികളുടെ അക്രമണം വര്‍ദ്ധിക്കുമ്പോള്‍ മുസ്‌ലീം യുവാവിനെ തന്റെ ശരീരത്തോട് ഇദ്ദേഹം ചേര്‍ത്തു പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഗഗന്‍ദീപ് നിങ്ങള്‍ നീണാള്‍ വാഴട്ടെയെന്നായിരുന്നു വീഡിയോ കണ്ടതിന് ശേഷമുള്ള മുതിര്‍ന്ന അഭിഭാഷകന്‍ മാര്‍ക്കണ്ഡേയ കട്ജുവിന്റെ  പ്രതികരണം.

‘ഗഗന്‍ദീപ് സിങ്, നിങ്ങള്‍ നീണാള്‍ വാഴട്ടെ’ഹിന്ദുത്വ ഗുണ്ടകളില്‍ നിന്നും ഒരു മുസ്ലീം യുവാവിനെ രക്ഷിച്ചെടുക്കുന്ന ഗഗന്‍ദീപ് സിങ്ങിന്റെ വീഡിയോ കണ്ടു. തന്റെ ധീരത തെളിയിക്കാന്‍ വേണ്ടി മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഇടപെടല്‍. മറിച്ച് ഒരു നിരപരാധിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കൂടിയായിരുന്നു. മാര്‍ക്കണ്ഠേയ കട്ജു ട്വിറ്ററില്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here