സീതാദേവി ടെസ്റ്റ് ട്യൂബ് ശിശുവെന്ന് ബിജെപി മന്ത്രി

ലഖ്‌നൗ : സീതാദേവി ടെസ്റ്റ് ട്യൂബ് ശിശുവായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേഷ് ശര്‍മ്മ. സീതാദേവിയെ ഉഴവുചാലിലെ മണ്‍കുടത്തില്‍ നിന്ന് ലഭിച്ചെന്നാണ് രാമായണത്തില്‍ പറയുന്നത്. അക്കാലത്ത് ടെസ്റ്റ് ട്യൂബ് ശിശു സമ്പ്രദായം ഉണ്ടായിരുന്നുവെന്നല്ലേ ഇതിനര്‍ത്ഥമെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഒരു പൊതു ചടങ്ങിലായിരുന്നു ദിനേഷ് ശര്‍മ്മ ഇത്തരം വാദഗതികളുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത് മഹാഭാരതകാലത്താണ്. കുരുക്ഷേത്ര യുദ്ധവിവരം തത്സമയം ഹസ്തിനപുരിയില്‍ ധൃതരാഷ്ട്രര്‍ക്ക് ലഭ്യമാക്കിയത് സഞ്ജയനാണ്.

അത് തത്സമയ വാര്‍ത്താ സംപ്രേഷണമാണ്. അതല്ലെങ്കില്‍ പിന്നെയെന്താണ് ലൈവ് ടെലികാസ്റ്റ് എന്നും മന്ത്രി ചോദിക്കുന്നു. നിങ്ങളുടെ ഗൂഗിള്‍ മെസഞ്ചര്‍ സംവിധാനം ഇപ്പോഴാണ് കണ്ടെത്തിയതെങ്കില്‍ ഞങ്ങളുടെ മെസഞ്ചര്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നാരദന്റെ രൂപത്തില്‍ ഉണ്ടായിരുന്നു.

എല്ലായിടത്തുമെത്തുകയും സന്ദേശങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്ത നാരദന്റെ സേവനം മാധ്യമ പ്രവര്‍ത്തകന്റേത് തന്നെയാണെന്നും ശര്‍മ പറഞ്ഞു. ഇന്റര്‍നെറ്റടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ മഹാഭാരത കാലം മുതല്‍ക്കേ ഉണ്ടായിരുന്നതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ നാരദനെ ഗൂഗിളുമായി താരതമ്യം ചെയ്താണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്തെത്തിയത്. എന്നാല്‍ ധൃതരാഷ്ട്രര്‍ എന്തെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കണം കുരുക്ഷേത്ര യുദ്ധ കാര്യങ്ങള്‍ അറിഞ്ഞതെന്ന് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയും പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ വാദഗതികളുമായി ദിനേഷ് ശര്‍മ്മ രംഗത്തെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here