കോടികള്‍ വില വരുന്ന അനധികൃത സ്വര്‍ണ്ണം പിടികൂടി

ലഖ്‌നൗ :മ്യാന്‍മാറില്‍ നിന്നും കടത്തി കൊണ്ടുവന്ന ആറ് കിലോ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ നാലംഗ സംഘം അറസ്റ്റിലായി. ലഖ്‌നൗ ചര്‍ബാഗ് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ ബസ്സ് കാത്ത് നില്‍ക്കവേയാണ് സംഘം പിടിയിലാവുന്നത്. ഇന്തോ-മ്യാന്‍മാര്‍ അതിര്‍ത്തി വഴിയാണ് സംഘം ബാഗുകളില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയത്.

അസ്സാമില്‍ നിന്ന് പുറപ്പെടുന്ന ദിബ്രുഗര്‍ഹ്-ഡല്‍ഹി രാജധാനി എക്‌സ്പ്രസിലാണ് സംഘം ലഖ്‌നൗവില്‍ ഇറങ്ങിയത്. സംഘത്തിലെ രണ്ട് പേര്‍ രാജസ്ഥാന്‍ സ്വദേശികളും ബാക്കിയുള്ളവര്‍ കാശ്മീര്‍ സ്വദേശികളുമാണ്. ട്രെയിന്‍ മാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് പോവുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടര്‍ന്നാണ് സംഘം ലഖ്‌നൗവിലെ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയത്.

ഇവിടെ നിന്നും ബസ്സ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് കടക്കാമെന്നായിരുന്നു സംഘത്തിന്റെ പദ്ധതി. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഇവരുടെ നീക്കങ്ങള്‍ സശ്രദ്ധം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ട്രെയിന്‍ ഇറങ്ങി ബസ്സ് കാത്ത് നില്‍ക്കുന്നതിനിടെ ഇന്റലിജന്‍സ് സംഘം ഇവരെ വലയിലാക്കി.

ഡല്‍ഹിയിലെത്തുന്ന ഈ സ്വര്‍ണ്ണ കട്ടികള്‍ അതിവേഗം ആഭരണങ്ങളായി രൂപമാറ്റം ചെയ്യപ്പെടുന്നത് കൊണ്ട് റവന്യൂ ഇന്റലിജന്‍സിന് എളുപ്പത്തില്‍ പിടികൂടാന്‍
സാധിക്കുമായിരുന്നില്ല. ഇതിനെ തുടര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. കോടിക്കണക്കിന് രുപ വിലമതിക്കുന്ന സ്വര്‍ണ്ണക്കട്ടികളാണ് പിടികൂടിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here