കൊച്ചി കുമ്പളം കായലില്‍ കോണ്‍ക്രീറ്റിട്ട് അടച്ച വീപ്പക്കുള്ളില്‍ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

കൊച്ചി: കുമ്പളം കായലില്‍ വീപ്പക്കുള്ളില്‍ നിന്ന് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പത്തുമാസം പഴക്കമുള്ള പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടമാണ് കണ്ടെത്തിയത്. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ചശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്‌ക്കെത്തിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വീപ്പയിലാക്കി തള്ളിയതാണെന്നാണ് പൊലീസിന്റെ സംശയം. പത്തുമാസം മുമ്പ് ഈ വീപ്പ ആദ്യം മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തിയത്. മൃതദേഹം വീപ്പയ്ക്കുള്ളിലാക്കുകയും പിന്നീട് കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും അതിനു മുകളില്‍ ഇഷ്ടിക നിറയ്ക്കുകയും ചെയ്‌തെന്നാണ് പരിശോധനയില്‍ വ്യക്തമായത്. ശാസ്ത്രീയപരിശോധന ആവശ്യമാണെന്നാണ് പോലീസ് അറിയിച്ചു. ഇതിന് മുമ്പ് നെട്ടൂരില്‍നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കായലില്‍നിന്ന് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അന്ന് ചാക്കില്‍നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്നതിന് സമാനമായ കല്ലുകളാണ് വീപ്പയ്ക്കുള്ളില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here