നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നും സ്മൃതി ഇറാനി പുറത്ത്. വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കി ഒരു മാസം കഴിയുന്നതിന് മുമ്പാണ് നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി പുറത്താവുന്നത്.

ജൂണ്‍ ഏഴിന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് സ്മൃതി ഇറാനിയെ നീതി ആയോഗ് ക്ഷണിതാവ് സ്ഥാനത്തുനിന്നും പുറത്താക്കിയതായി വ്യക്തമാക്കിയിട്ടുള്ളത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് സ്മൃതി ഇറാനിയെ നീതി ആയോഗില്‍ നിന്നും പുറത്താക്കിയത്. പകരം മന്ത്രി ഇന്ദ്രജിത് സിങ്ങിന് ക്ഷണിതാവ് സ്ഥാനം നല്‍കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതിയോടുകൂടിയാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 17ന് നീതി ആയോഗിന്റെ യോഗം നടക്കാനിരിക്കെയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗമാണ് നടക്കാനിരിക്കുന്നത്.

കഴിഞ്ഞ മെയ് 14നാണ് സ്മൃതി ഇറാനിയ്ക്ക് കയ്യിലുണ്ടായിരുന്ന വാര്‍ത്താവിനിമയ മന്ത്രാലയം നഷ്ടമാവുന്നത്. രാജ്യവര്‍ധന്‍ സിങ് റാത്തോഡിനായിരുന്നു പകരം ചുമതല നല്‍കിയത്. നിലവില്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതല മാത്രമാണ് സ്മൃതി ഇറാനിക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here