ദുബായിലെ ജോലി സ്ഥലത്തുനിന്ന് കാണാതായ മലയാളി യുവാവിനെ 6 ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി

ദുബായ് : ഡിസംബര്‍ 30 ന് ദുബായിലെ ജോലി സ്ഥലത്തുനിന്ന് കാണാതായ 26 കാരനായ മലയാളി യുവാവിനെ കണ്ടെത്തി. സാമൂഹ്യ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് കാരുണ്യ പ്രവര്‍ത്തകര്‍ കാസര്‍കോട് നീലേശ്വരം സ്വദേശി രാഹുലിനെ കണ്ടെത്തിയത്.ക്ഷീണിതനായി തണുത്ത് വിറച്ച് ഒരു പാര്‍ക്കില്‍ കഴിഞ്ഞുകൂടുകയായിരുന്നു യുവാവ്. ഭക്ഷണം പോലും കഴിക്കാതെ തളര്‍ന്ന രാഹുലിന്റെ വസ്ത്രങ്ങള്‍ തീര്‍ത്തും മുഷിഞ്ഞ നിലയിലായിരുന്നു.പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി ഉമര്‍ ഫാറൂഖ് ആണ് രാഹുലിനെ കണ്ടെത്തിയത്. പാര്‍ക്കിലെത്തിയിട്ട് രണ്ട് ദിവസമായെന്നും ഭക്ഷണം കഴിക്കുകയോ കുളിക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഉമര്‍ അടക്കമുള്ളവര്‍ ഇയാള്‍ക്ക് ഭക്ഷണം നല്‍കി. നേരത്തെ പാര്‍ക്കില്‍ കാണപ്പെട്ട യുവാവിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.എന്നാല്‍ ഇതറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും രാഹുല്‍ അവിടം വിട്ടു. തുടര്‍ന്ന് ഉമര്‍, സിജു പന്തളം, പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഗംഗ എന്നിവര്‍ ചേര്‍ന്ന് ബര്‍ഷ മേഖല കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തി.അവിടെവെച്ചാണ് ഇയാളെ വീണ്ടും കണ്ടെത്തുന്നത്. അച്ഛന്‍ മരിച്ചപ്പോള്‍ രാഹുലിന് വീട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല.അച്ഛനുമായി ഏറെ അടുപ്പമുള്ള രാഹുലില്‍ ഇത് കടുത്ത മനോവിഷമത്തിന് ഇടയാക്കി. ഇതേ തുടര്‍ന്നാണ് ഡിസംബര്‍ 30 ന് ജോലി സ്ഥലത്തുനിന്ന് പറയാതെ ഇറങ്ങിപ്പോയത്.

കടപ്പാട് : മനോരമ ഓണ്‍ലൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here