മാലാഖയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന വിട

കോഴിക്കോട് :ആതുര ശ്രുശ്രൂഷയ്ക്കിടെ സ്വന്തം ജീവന്‍ ബലി നല്‍കേണ്ടി വന്ന മാലാഖയ്ക്കായി കണ്ണീരണിഞ്ഞ് സോഷ്യല്‍ മീഡിയ. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്ന ലിനിക്കാണ് തന്റെ ധര്‍മ്മം നിര്‍വഹിക്കുന്നതിനിടെ മരണത്തെ പുല്‍കേണ്ടി വന്നത്. തന്റെ മുമ്പിലെത്തിയ  രോഗികളെ ചികിത്സിക്കുന്നതിനിടയിലാണ് ലിനിക്കും നിപ്പാ വൈറസ് ബാധയേറ്റത്. പേരാമ്പ്രയില്‍ മരണപ്പെട്ട മൂന്ന് പേരില്‍ ഒരാളായ മുഹമ്മദ് സാബിത്തില്‍ നിന്നാണ് ലിനിക്ക് വൈറസ് ബാധ പകര്‍ന്നതെന്നാണ് സംശയിക്കപ്പെടുന്നത്.

അസുഖ ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സാബിത്തിനെ പരിചരിച്ചത് ലിനി ആയിരുന്നു.  സമര്‍പ്പിത മനോഭാവത്തോടെ രോഗിയെ പരിചരിക്കവേ ലിനി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ഒരു മഹമാരി തന്റെ ശരീരത്തിലേക്ക് പ്രവേശിച്ച് കൊണ്ടിരിക്കുകയാണെന്ന്. ഒടുവില്‍ വിധി നിപ്പാ വൈറസിന്റെ രൂപത്തില്‍ ഈ മാലഖയുടെ ജീവന്‍ കവരുകയായിരുന്നു. നിരവധി പേരാണ് ഈ ധീര രക്തസാക്ഷിക്ക് ആദരവുമായി സമൂഹ മാധ്യമങ്ങളില്‍ രംഗത്തെത്തുന്നത്.

രണ്ട് പിഞ്ചു കുട്ടികളാണ് ലിനിക്ക്. സ്വന്തം അമ്മയുടെ മൃതദേഹം ഒരു നോക്കു കാണുവാന്‍ പോലും സാധിക്കാത്ത ആ പിഞ്ചു ഹൃദയങ്ങള്‍ എന്നത്തേയും പോലെ അമ്മ എന്താണ് മടങ്ങി വരാത്തതെന്ന് പ്രതീക്ഷയിലായിരിക്കും. ഭര്‍ത്താവ് സജീഷ് പ്രവാസി മലയാളിയാണ്.

അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ പോലും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു കൊടുക്കുവാന്‍ പറ്റാത്ത വിധത്തിലുള്ള ക്രൂരമായ വിധിയായിരുന്നു ലിനിക്ക് മരണം സമ്മാനിച്ചത്. അടുത്ത ബന്ധുക്കളെ ഒരു നോക്ക് കാണിച്ചതിന് ശേഷം മൃതദേഹം വൈദ്യുതി ശമ്ശാനത്തില്‍ രാത്രി തന്നെ സംസ്‌കരിച്ചു. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് പുറമേ ലിനിയുടെ കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനുള്ള ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യേണ്ടി വരുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം നഴ്‌സുമാരും. ന്യായമായ തുക പോലും ശമ്പളമായി നല്‍കാതെ ദൈവത്തിന്റെ മാലാഖാമാരെ പിഴിയാനായി മുന്നിട്ടിറങ്ങുന്ന സ്വകാര്യ ആശുപത്രി മുതലാളിമാരും അതിന് കൂട്ട് നില്‍ക്കുന്ന ഭരണാധികാരികളും ഇനിയെങ്കിലും ഇവരുടെ സേവനങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here