യുവാവ് ഭാര്യാപിതാവിന്റെ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: ഭാര്യ പ്രസവിച്ചതറിഞ്ഞ് കുഞ്ഞിനെ ആദ്യമായി കാണാന്‍ ആശുപത്രിയിലെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും കുത്തേറ്റു. സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരന്‍ വെള്ളായണി ഊക്കോട് മുകളൂര്‍മൂല മേല്‍തോട്ടത്ത് വീട്ടില്‍ കൃഷ്ണകുമാര്‍(29) ആണ് മരിച്ചത്.

ഭാര്യാപിതാവ് കല്ലിയൂര്‍ വള്ളംകോട് സ്വദേശി ഉദയകുമാറിനെ പൊലീസ് അന്വേഷിക്കുന്നു. വിഷുദിനത്തില്‍ വൈകിട്ട് 6 നായിരുന്നു സംഭവം. കുത്തേറ്റ് പരിക്കേറ്റ വഴയില സ്വദേശി അഖിലിനെ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. തിരുവനന്തപുരം വഞ്ചിയൂരുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രസവശേഷം ചികിത്സയിലായിരുന്ന അലീനയേയും കുഞ്ഞിനേയും കാണാന്‍ എത്തിയതായിരുന്നു കൃഷ്ണകുമാര്‍.

ഇയാള്‍ക്കൊപ്പം അഖില്‍ എന്ന സുഹൃത്തും ഉണ്ടായിരുന്നു. പിതാവുമായുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ആശുപത്രിയിലെ ടെറസില്‍ വച്ചു കൃഷ്ണ കുമാറിനു കുത്തേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ നിലവിളിച്ചു കൊണ്ട് ഓടി. തടയാന്‍ ശ്രമിച്ചപ്പോഴാണ് അഖിലിനും കുത്തേറ്റത്.

പരുക്കേറ്റ ഇരുവരെയും പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൃഷ്ണകുമാര്‍ മരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പത്ത് വര്‍ഷമായി സെക്രട്ടറിയേറ്റിലെ സഹകരണ വിഭാഗത്തിലെ ഡ്രൈവറാണ് മരിച്ച കൃഷ്ണകുമാര്‍. ഒരു വര്‍ഷം മുന്‍പാണ് കൃഷ്ണകുമാര്‍ അലീനയെ വിവാഹം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here