മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി

കൊട്ടാരക്കര: അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. കൊട്ടാരക്കര പെരുങ്കുളത്താണ് സംഭവം. നെടുമ്പറമ്പ് ചെറുകോട്ട് മഠത്തില്‍ ശാന്താദേവി അന്തര്‍ജനമാണു കൊല്ലപ്പെട്ടത്. മകന്‍ അശോക് കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. മാനസിക നിലതെറ്റിയ ഇയാള്‍ കഴിഞ്ഞ രണ്ട് ദിവസമായി ഏറെ അക്രമാസക്തനായിരുന്നു. വീടിന് പുറത്തിറങ്ങിയ ശേഷം വഴിയാത്രക്കാരെ വെട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം പൊലീസ് സഹായത്തോടെയാണ് അശോക് കുമാറിനെ മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ട് പോയത്.

ഇത്തവണയും പരിഭ്രാന്തി സൃഷിച്ചതോടെ പിതാവ് ശങ്കരന്‍ പോറ്റി വ്യാഴാഴ്ച കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ സാഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുലര്‍ച്ചെ 5.30 ന് കൊട്ടാരക്കര പൊലീസ് സ്റ്റേഷനില്‍ നിന്നും രണ്ട് പൊലീസുകാര്‍ എത്തി അശോക് കുമാറിനോട് ആശുപത്രിയില്‍ പോകാന്‍ തയ്യാറാകാന്‍ പറഞ്ഞു. എന്നാല്‍ ഇതിനെ എതിര്‍ത്ത അശോക് കുമാര്‍ കൊടുവാളുമായി വീടിന്റെ കതകിന്റെ കൊളുത്തിട്ട ശേഷം കൊലവിളി നടത്തി. പോലീസ് എത്തിയാല്‍ വെട്ടുമെന്നായി. ഈ സമയം വീടിന്റെ പുറത്ത് ആയ ശങ്കരന്‍ പോറ്റി പോലീസുകാരോട് പോകാനും അല്‍പം ശാന്തത വരുമ്പോള്‍ കൊണ്ടുപോകാമെന്നും പറഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസ് തിരിച്ചു പോയി. പോലീസ് തിരികെ പോയി ഒരു മണിക്കൂര്‍ കഴിഞ്ഞതോടെ അശോക് കുമാര്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ഈ സമയം മകനോട് ശാന്തനാകാന്‍ പറഞ്ഞ മാതാവ് ശാന്താദേവി അന്തര്‍ജനത്തെ പിടിച്ചു നിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് കൊലവിളി നടത്തി. തുടര്‍ന്ന് പിതാവ് നാട്ടുകാരെയും പൊലീസിനെയും വിളിച്ചു. ആളുകള്‍ കൂടിയതോടെ അമ്മയുടെ കഴുത്തില്‍ വെട്ടുകയും ചെയ്തു. പൊലീസ് പിടികൂടുന്നതിനിടെ അശോക് ജീവനൊടുക്കാന്‍ നോക്കി. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here