ശതകോടീശ്വരനായ സൗദി രാജകുമാരന്‍ ജയില്‍ മോചിതനായി

റിയാദ് :അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സൗദി രാജകുമാരന്‍ ജയില്‍ മോചിതനായി. സൗദി രാജകുടുംബത്തിലെ കോടീശ്വരന്‍മാരായ വ്യവസായികളില്‍ പ്രമുഖനായ അല്‍ വലീദ് ബിന്‍ തലാല്‍ ആണ് ജയില്‍ മോചിതനായത്. റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ വ്യവസായം അടക്കം നിരവധി മേഖലകളില്‍ കൂടി സൗദിയില്‍ സ്വന്തമായൊരു ബിസിനസ്സ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത ശതകോടിശ്വരന്‍മാരില്‍ ഒരാളാണ് അല്‍ വലീദ് ബിന്‍ തലാല്‍.ആകെ 18 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. അറസ്റ്റിലായി രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം ജയില്‍ മോചിതനാവുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അഴിമതി വിരുദ്ധ നടപടികളെ തുടര്‍ന്ന് അല്‍ വലീദ് ബിന്‍ അടക്കം 200 ഓളം ഉന്നതര്‍ തടവിലാകുന്നത്.രാജകുമാരന്‍മാരും മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായിരുന്നു ഇതില്‍ കൂടുതലും. റിയാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്സ് കാള്‍ട്ടനിലാണ് ഇവരെ തടവിലാക്കിയത്.അഴിമതിയിലൂടെ നേടിയെടുത്ത സമ്പത്തിന്റെ നിശ്ചിത പങ്ക് സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ ഈ മാസം ആദ്യം സൗദി ഭരണകൂടം ഉപാധി വെച്ചതോട് കൂടിയാണ് തടവുകാരുടെ മോചനത്തിനുള്ള വഴി തെളിഞ്ഞത്. ഇതേ തുടര്‍ന്ന് നിരവധി തടവുകാര്‍ പിഴ അടച്ച് ജയില്‍ മോചിതരായിരുന്നു. ഇവരില്‍ നിന്നും ആകെ കൂടി പിഴയിനത്തില്‍ 100 ബില്ല്യണ്‍ ഡോളര്‍ നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏതാണ്ട് ആറര ലക്ഷം കോടിയിലേറെ (6364500000000.00) രൂപ വരും ഇത്.പിഴയടച്ചാല്‍ തടവില്‍ നിന്ന് മോചിപ്പിക്കാമെന്നാണ് സൗദി സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന ഉപാധി. തടവില്‍ നിന്നും മോചിതനായതിന് ശേഷം റിറ്റ്‌സ് കാള്‍ട്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തനാകപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്ന് അല്‍ വാലീദ് പ്രതീക്ഷ പ്രകടിപ്പിച്ചു.എന്നാല്‍ അല്‍ വാലിദ് സര്‍ക്കാരിലേക്ക് എത്ര ദര്‍ഹം പിഴയടച്ചു എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. ഈ കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇദ്ദേഹത്തോടൊപ്പം അഴിമതി കേസില്‍ അറസ്റ്റിലായ എംബിസി ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് അധിപന്‍ വാലിദ് അല്‍ ഇബ്രാഹിമും ജയില്‍ മോചിതനായിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങളിലേക്ക്..>>>

LEAVE A REPLY

Please enter your comment!
Please enter your name here