വനിതാ മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍

റിയാദ് :പൊതു വേദിയില്‍ വെച്ച് സൗദിയിലെ വനിതാ മന്ത്രി നടത്തിയ പ്രസംഗം വിവാദത്തിലായി. പൊതു വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മുഖം മറയ്ക്കാത്തതിനെ തുടര്‍ന്നാണ് വനിതാ സഹ മന്ത്രി വിവാദത്തിലായത്. സൗദി അറേബ്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വകുപ്പ് സഹമന്ത്രിയായ ഡോ.ഹയാ അല്‍ ഹവാദാണ് നിഖാബ് ഉപയോഗിച്ച് മുഖം മറയ്ക്കാത്തതിനെ തുടര്‍ന്ന് വിവാദത്തിലകപ്പെട്ടത്.

തലയും ശരീരവും മാത്രം മറയ്ക്കുന്ന നിഖാബ് ഉപയോഗിച്ചായിരുന്നു മന്ത്രി സമ്മേളനത്തില്‍ പങ്കെടുത്തത്. റിയാദില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കവെയായിരുന്നു സംഭവം. സമൂഹ മാധ്യമത്തില്‍ നിരവധി സൗദി പൗരന്‍മാരുടെ വിമര്‍ശനങ്ങള്‍ക്കാണ് ഇത് വഴി വെച്ചത്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് മത പുരോഹിതന്‍മാര്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ വനിതാ സഹമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. മന്ത്രി ഒരു വിധത്തിലുള്ള നിയമങ്ങളും തെറ്റിച്ചിട്ടില്ലെന്ന് സൗദിയിലെ പ്രമുഖ മത പുരോഹിതനായ സുലൈമാന്‍ അല്‍ തരീഫി അഭിപ്രായപ്പെട്ടു.

നീതിശാസ്ത്രത്തിലെ വൈവിധ്യങ്ങളില്‍ തീര്‍ത്ത ചട്ടക്കൂടിനുള്ളില്‍ തന്നെയാണ് ഡോ ഹയാ അല്‍ ഹവാദ് ഇപ്പോഴും ജീവിക്കുന്നതെന്ന് അല്‍ തരീഫി അഭിപ്രായപ്പെട്ടു. സൗദിയില്‍ പൊതു സ്ഥലത്ത് സന്ദര്‍ശനം നടത്തുമ്പോള്‍ സത്രീകള്‍ തലയും മുടിയും മറയ്ക്കണം. എന്നാല്‍ മുഖം മറയ്ക്കണമെന്ന് നിയമമില്ല.

സ്ത്രീകളെ പൊതുവേദികളില്‍ അപമാനിക്കാന്‍ ശ്രമിക്കുന്ന നീക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ഇനിയെങ്കിലും ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സൗദ് അല്‍ മുസൈബീഹ് അഭിപ്രായപ്പെട്ടു. വിഷയത്തില്‍ ഡോ. ഹയാ അല്‍ ഹവാദിനെ ആരും പ്രതിരോധിക്കേണ്ട കാര്യമൊന്നുമില്ലെന്നും മന്ത്രി യാതോരു വിധ തെറ്റും ചെയ്തിട്ടില്ലെന്നും പ്രശസ്ത ബ്ലോഗര്‍ ഹത്തൂണ്‍ ഖ്വാദി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here