ഡിവൈഎസ്പിയുടെ ആ ചോദ്യത്തില്‍ സൗമ്യ വീണു

തലശ്ശേരി : മകളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സൗമ്യയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് സ്വീകരിച്ചത് തന്ത്രപരമായ നീക്കം. ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് തലശ്ശേരി റസ്റ്റ് ഹൗസിലെത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു 28 കാരി.

അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെഇ പ്രേമചന്ദ്രനാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്‍, ഡിവൈഎസ്പി പിപി സദാനന്ദന്‍, എഎസ്പിയുട സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. തെളിവുണ്ടെങ്കില്‍ തെളിയിച്ചോളൂ എന്ന് സൗമ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തി.

വിഷം വാങ്ങിയതിന്റെയും അതുള്ളില്‍ ചെന്ന് മൂവരും മരണപ്പെട്ടതിന്റെയും തെളിവുകള്‍ സിഐ നിരത്തിയെങ്കിലും സൗമ്യ കുറ്റം നിഷേധിച്ചുകൊണ്ടിരുന്നു. ക്ഷോഭത്തോടെയായിരുന്നു മറുപടികള്‍. ഇതോടെ സൗമ്യയെ മറ്റൊരു മുറിയിലേക്ക് മാറ്റി. തുടര്‍ന്ന് ഡിവൈഎസ്പി പിപി സദാനന്ദന്‍ മയത്തില്‍ വിവരങ്ങള്‍ തേടി.

ഭര്‍ത്താവ് ഉപദ്രവിക്കുമായിരുന്നല്ലേ എന്ന ചോദ്യത്തില്‍ സൗമ്യ ഉള്ളുതുറന്നു. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതി പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. പക്ഷേ ആദ്യം മുതല്‍ സംശയമായിരുന്നു. ഇളയമകള്‍ തന്റേതല്ലെന്ന് അയാള്‍ക്ക് സംശയമായിരുന്നു. ഇതോടെ വിഷം കുടിച്ച് മരിക്കാന്‍ തീരുമാനിച്ചു.

താന്‍ കുടിച്ചെങ്കിലും അയാള്‍ കഴിച്ചില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ രക്ഷപ്പെട്ടു. പക്ഷേ അയാള്‍ ഉപേക്ഷിച്ചുപോയി. ഇതോടെ വരുമാനം നിലച്ചു. അച്ഛന് പ്രായമായതിനാല്‍ ജോലിക്ക് പോകാന്‍ ബുദ്ധിമുട്ടായിരുന്നു. അമ്മ ജോലിക്ക് പോയെങ്കിലും വീട്ടില്‍ ദുരിതമായിരുന്നു. പിന്നീടാണ് താന്‍ ജോലിക്ക് പോയത്. അവിടത്തെ ഒരു സ്ത്രീയാണ് അനാശാസ്യത്തിലേക്ക് നയിച്ചത്.

അവര്‍ കൂടുതല്‍ പേരെ സുഹൃത്തുക്കളാക്കിത്തന്നു. ഒരിക്കല്‍ വീട്ടിലെത്തിയ യുവാവിനെ മകള്‍ കണ്ടു. അവള്‍ അമ്മയോട് പോയിപ്പറഞ്ഞു. ഡിവൈഎസ്പി സദാനന്ദനില്‍ നിന്ന്, മകളെ ഒഴിവാക്കിയാല്‍ പ്രശ്‌നം തീരുമെന്ന് കരുതിയല്ലേ എന്ന ചോദ്യവും വന്നതോടെ മൂവരെയും കൊലപ്പെടുത്തിയ കാര്യം സൗമ്യ വെളിപ്പെടുത്തി.

പിന്നീടുള്ള ചോദ്യങ്ങള്‍ക്കെല്ലാം സൗമ്യ കൃത്യമായി മറുപടി നല്‍കി. തുടര്‍ന്നാണ് അടുത്ത മുറിയില്‍ നിന്ന് സിഐ പ്രേമചന്ദ്രനടക്കം മുറിയിലേക്ക് വന്നത്. മുന്‍പത്തെ ചോദ്യം ചെയ്യലില്‍ കാര്യങ്ങള്‍ മറച്ചുവെച്ചതിന്റെ കുറ്റബോധത്തില്‍ സൗമ്യ സിഐയുടെ കൈ പിടിച്ച് പൊട്ടിക്കരഞ്ഞു. ഇളയകുട്ടിയുടേത് കൊലപാതകമല്ല സ്വാഭാവിക മരണമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here