പിണറായി കൂട്ടക്കൊലയില്‍ കൂട്ടുപ്രതികളുണ്ടാകില്ല

തലശ്ശേരി : കണ്ണൂര്‍ പിണറായിയില്‍ കുഞ്ഞിനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റം മകള്‍ സൗമ്യയില്‍ ഒതുങ്ങും. കൊലപാതകം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് സൗമ്യ മൊഴിനല്‍കിയിട്ടുണ്ട്.

മറ്റൊരാളുടെയും സഹായം ലഭിച്ചിട്ടില്ല. വേറൊരാളുടെ പ്രേരണ ഉണ്ടായിട്ടില്ലെന്നും സൗമ്യ ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. കൃത്യങ്ങളെക്കുറിച്ച് മൂന്ന് കാമുകന്‍മാര്‍ക്കും അറിയില്ലായിരുന്നു.

സൗമ്യയുടെ വഴിവിട്ട ജീവിതമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് മൂന്ന് കാമുകന്‍മാരും പറഞ്ഞിരുന്നു.

എന്നാല്‍ ആ പ്രേരണയിലല്ല താന്‍ മകളെയും അച്ഛനമ്മമാരെയും കൊലപ്പെടുത്തിയതെന്നാണ് സൗമ്യയുടെ മൊഴി. തന്റെ വഴിവിട്ട ബന്ധങ്ങള്‍ക്ക് മകളും അച്ഛനമ്മമാരും തടസ്സമാകുമെന്ന ചിന്തയിലാണ് ഇവരെ എലിവിഷം നല്‍കി കൊലപ്പെടുത്തിയത്.

ഒരു ഓട്ടോ ഡ്രൈവറാണ് എലിവിഷം വാങ്ങിനല്‍കിയത്. എന്നാല്‍ ഇത് കൊലപാതകത്തിനാണെന്ന കാര്യം ഇദ്ദേഹത്തിന് അറിയില്ലായിരുന്നു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

സൗമ്യയുമായി അടുപ്പമോ ശാരീരിക ബന്ധമോ ഉണ്ടെന്ന ഒറ്റക്കാരണത്താല്‍ ഇവരെയൊന്നും പ്രതിചേര്‍ക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്. ഇവരുടെ ബന്ധം കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്ന് തെളിയിക്കത്തക്ക വിവരങ്ങളും പൊലീസിന് ലഭ്യമല്ല.

സൗമ്യയെ വഴിവിട്ട ബന്ധത്തിലേക്ക് എത്തിച്ചത് ഒരു സ്ത്രീയാണ്. ഇത് മറ്റൊരു കേസായി അന്വേഷിക്കാന്‍ സാധിക്കുമോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here