പിണറായിയിലെ ദുരൂഹ മരണങ്ങളില്‍ യുവതി കസ്റ്റഡിയില്‍

കണ്ണൂര്‍ :പിണറായിയിലെ ദുരൂഹ മരണങ്ങളില്‍ കൂടുതല്‍ കണ്ടെത്തലുകളുമായി പൊലീസ് സംഘം. മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഏതാനും ദിവസങ്ങളിലായി സൗമ്യ ശാരീരിക അവശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആശുപത്രിയില്‍ എത്തിയാണ് പൊലീസ് സംഘം സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സൗമ്യയുടെ രണ്ട് മക്കളായ കീര്‍ത്തനയും ഐശ്വര്യയും കൂടാതെ യുവതിയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണനും കമലയുമാണ് ആറ് വര്‍ഷത്തിനിടെ ഒരു വീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.

ഇതില്‍ മൂന്ന് പേര്‍ കഴിഞ്ഞ നാല് മാസത്തിനിടെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ ദൂരൂഹത സംശയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച കുഞ്ഞിക്കണ്ണന്റെയും അതിന് തൊട്ട് മുമ്പുള്ള മാസം മരണപ്പെട്ട കമലയുടെ മൃതദേഹങ്ങള്‍ ആന്തരിക അവയവ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ഇവരുടെ ശരീരത്തില്‍ നിന്നും അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശങ്ങള്‍ കണ്ടെത്തിയത്. എലിവിഷത്തില്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥമാണ് അലൂമിനിയം ഫോസ്‌ഫൈഡ്.

കണ്ണൂര്‍ പിണറായിയിലെ വണ്ണത്താന്‍ വീട്ടിലാണ് കഴിഞ്ഞ നാല് മാസത്തിനിടെ മൂന്ന് മരണവും ഇതിന് ആറ് വര്‍ഷം മുന്‍പ് ഒരു പിഞ്ചു കുട്ടിയുടെയും മരണവും നടന്നത്. 2012 സെപ്തംബര്‍ ഒമ്പതിനാണ് ഈ വീട്ടിലെ ഒന്നര വയസ്സുകാരി കീര്‍ത്തന മരണപ്പെടുന്നത്.തുടര്‍ന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ജനുവരി 31 ന് കീര്‍ത്തനയുടെ സഹോദരി ഐശ്വര്യയും സമാന സാഹചര്യത്തില്‍ മരണപ്പെട്ടു. ചര്‍ദ്ദിയില്‍ തുടങ്ങി ആരോഗ്യ നില വഷളാവുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തുകയായിരുന്നു. പീന്നീട് ഒരു മാസത്തിന് ശേഷം ഐശ്വര്യയുടെ മുത്തശ്ശി കമലയേയും സമാനമായ രോഗാവസ്ഥ പിടികൂടി. 2018 മാര്‍ച്ച് ഏഴിന് കമല മരണപ്പെട്ടു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കമലയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരണപ്പെട്ടത്.

തുടര്‍ന്നാണ് മൃതദേഹങ്ങള്‍ പരിശോധിച്ച് മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തണമെന്ന ആവശ്യം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹങ്ങള്‍ ആന്തരിക അവയവ പരിശോധനയക്ക് പരിയാരം മെഡിക്കല്‍ കോളജിലേക്ക് അയച്ചത്. ഐശ്വര്യയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താനായി പുറത്തെടുക്കാനും തീരുമാനമായി.

കമലയുടെയും കുഞ്ഞിക്കണ്ണന്റെയും ആന്തരിക അവയങ്ങളുടെ പരിശോധന ഫലങ്ങള്‍ പുറത്ത് വന്നതിലാണ് അലൂമിനിയം ഫോസ്‌ഫൈഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഗുരുതരമായ ഈ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് മരണത്തിന് പിന്നിലെ കൊലപാതക സാധ്യതകളെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്

LEAVE A REPLY

Please enter your comment!
Please enter your name here