ശ്രീദേവിയുടേത് അബദ്ധത്തിലുള്ള മുങ്ങിമരണം

ദുബായ് : നടി ശ്രീദേവിയുടെ മരണത്തിലെ കേസന്വേഷണം ദുബായ് അധികൃതര്‍ അവസാനിപ്പിച്ചു. താരത്തിന്റേത് അബദ്ധത്തില്‍ ബാത്ടബ്ബില്‍ വീണുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചു.

കേസന്വേഷണം അവസാനിപ്പിച്ച കാര്യം ദുബായ് സര്‍ക്കാരിന്റെ മീഡിയ ഹൗസ് ആണ് വ്യക്തമാക്കിയത്. അന്വേഷണം പൂര്‍ത്തിയായതോടെ മൃതദേഹം എംബാമിങ്ങിനായി എത്തിച്ചു.

ഇതിന് ശേഷം മൃതദേഹം ദുബായ് വിമാനത്താവളത്തിലെത്തിച്ചതായി ഗള്‍ഫ് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സിയായ എ എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അനില്‍ അംബാനിയുടെ സ്വകാര്യ വിമാനത്തിലാണ് ഭൗതികദേഹം മുംബൈയില്‍ എത്തിക്കുന്നത്.

ബോധരഹിതയായി കുളിമുറിയിലെ ബാത്ടബ്ബില്‍ വീണാണ് ശ്രീദേവിയുടെ മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീദേവിയുടെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഹൃദയസ്തംഭനമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തെ തള്ളുന്നതായിരുന്നു പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍. അതേസമയം ശ്രീദേവിയുടെ തലയില്‍ മുറിവുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. നടിയുടെ മരണത്തില്‍ ദുരൂഹതയുയര്‍ന്നതോടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ബന്ധുവിന്റെ വിവാഹശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ബോണി കപൂര്‍ ശനിയാഴ്ച എന്തിന് തിരിച്ചെത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ആരാഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here