കേസന്വേഷണം അവസാനിപ്പിച്ചു

മുംബൈ : ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ സംസ്‌കാരം നാളെ രാവിലെ മുംബൈയില്‍ നടക്കും. ഭൗതിക ദേഹം ഇന്ന് രാത്രിയോടെ മുംബൈയിലെത്തിക്കും. അനില്‍ അംബാനിയുടെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവരുന്നത്. അന്ധേരിയിലെ വസതിക്ക് സമീപമുള്ള ഹാളില്‍ പൊതുദര്‍ശനം നടക്കും.

സെലിബ്രേഷന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിനുള്ള ഒരുക്കള്‍ ആരംഭിച്ചിട്ടുണ്ട്. ലോഖണ്ഡ്‌വാല ഹൗസിങ് കോംപ്ലക്‌സിലെ ശ്രീദേവിയുടെ വീടിന് മുന്നിലേക്ക് ആരാധകര്‍ ഒഴുകിയെത്തുകയാണ്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഇവടെ ഒത്തുകൂടുന്നു.

മക്കളായ ജാന്‍വിയും ഖുഷിയും പിതാവ് ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറിന്റെ വസതിയിലാണ്. ഇവരെ ആശ്വസിപ്പിക്കാനായി പ്രമുഖരുടെ നീണ്ടനിര തന്നെ ഇവിടേക്കെത്തുന്നുണ്ട്. അതേസമയം നടി ശ്രീദേവിയുടെ മരണത്തിലെ കേസന്വേഷണം ദുബായ് അധികൃതര്‍ അവസാനിപ്പിച്ചു.

താരത്തിന്റേത് അബദ്ധത്തില്‍ ബാത്ടബ്ബില്‍ വീണുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ശരിവെച്ചു. കേസന്വേഷണം അവസാനിപ്പിച്ച കാര്യം ദുബായ് സര്‍ക്കാരിന്റെ മീഡിയ ഹൗസ് ആണ് വ്യക്തമാക്കിയത്. അന്വേഷണം പൂര്‍ത്തിയായതോടെയാണ് മൃതദേഹം എംബാമിങ്ങിനായി വിട്ടുകൊടുത്തത്.

ശേഷം മൃതദേഹം ദുബായ് വിമാനത്താവളത്തിലേക്കെത്തിക്കുകയായിരുന്നു. ബോധരഹിതയായി കുളിമുറിയിലെ ബാത്ടബ്ബില്‍ വീണാണ് ശ്രീദേവിയുടെ മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീദേവിയുടെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഹൃദയസ്തംഭനമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തെ തള്ളുന്നതായിരുന്നു പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍. അതേസമയം ശ്രീദേവിയുടെ തലയില്‍ മുറിവുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

നടിയുടെ മരണത്തില്‍ ദുരൂഹതയുയര്‍ന്നതോടെ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് വിശദമായി ചോദ്യം ചെയ്തു. ബന്ധുവിന്റെ വിവാഹശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ബോണി കപൂര്‍ ശനിയാഴ്ച എന്തിന് തിരിച്ചെത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ആരാഞ്ഞിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here