‘മരണസമയത്ത് ബോണി അടുത്തില്ലായിരുന്നു’

ദുബായ് : ശ്രീദേവിയുടെ മരണ സമയത്ത് ബോണി കപൂര്‍ ഹോട്ടല്‍ മുറിയില്‍ ഇല്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ദുബായ് ജുമെരിയ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണെന്ന് പുതിയ വിവരം. പ്രമുഖ മാധ്യമമായ മിഡ് ഡേയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ആ ജീവനക്കാരനെ ഉദ്ധരിച്ചാണ് വാര്‍ത്ത. എന്നാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വാര്‍ത്തയില്‍ പറയുന്നതിങ്ങനെ. ശനിയാഴ്ച രാത്രി പത്തരയോടെ ശ്രീദേവി റൂം സര്‍വീസില്‍ വിളിച്ച് കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഏതാണ്ട് 15 മിനിട്ട് കഴിഞ്ഞപ്പോഴാണ് ജീവനക്കാരന്‍ വെള്ളവുമായി എത്തിയത്.

എന്നാല്‍ പലതവണ ബെല്‍ അടിച്ചിട്ടും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. ഇതോടെ മറ്റ് ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് ബലമായി വാതില്‍ തുറന്ന് മുറിയില്‍ കയറി. അപ്പോഴേക്കും സമയം പതിനൊന്ന് മണിയായിട്ടുണ്ട്. അപ്പോള്‍ ബാത്‌റൂമിലെ തറയില്‍ വീണുകിടക്കുകയായിരുന്നു ശ്രീദേവി.

കണ്ടെത്തുമ്പോള്‍ അവര്‍ക്ക് പള്‍സുണ്ടായിരുന്നു. പെട്ടെന്ന് തന്നെ റാഷിദ് ഹോസ്പിറ്റലിലേക്ക് തിരിച്ചു. എന്നാല്‍ യാത്രാമധ്യേ അവരുടെ അന്ത്യം സംഭവിച്ചു. ഭര്‍ത്താവ് ബോണി കപൂറിന്റെ കുടുംബം നേരത്തേ വിശദീകരിച്ചതിന് വിരുദ്ധമായാണ്‌
ജീവനക്കാരുടെ വെളിപ്പെടുത്തല്‍.

ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറില്‍ പങ്കെടുക്കാനായി ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഒരുങ്ങുന്നതിനിടെയാണ് ശ്രീദേവി തളര്‍ന്ന് വീണതെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് ദുബായിലെത്തിയ ബോണി കപൂര്‍ വൈകീട്ട് 5.30 ഓടെ ഹോട്ടല്‍ മുറിയിലെത്തി.

ഇരുവരും പതിനഞ്ച് മിനിട്ടോളം സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഡിന്നറിനായി ബോണി ശ്രീദേവിയെ ക്ഷണിക്കുന്നത്. ഇതിനായി ഒരുങ്ങാന്‍ നടി വാഷ്‌റൂമില്‍ പ്രവേശിച്ചു. എന്നാല്‍ 15 മിനിട്ട് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വാതിലില്‍ മുട്ടി.

മറുപടിയൊന്നും കിട്ടാതായതോടെ ബോണി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോള്‍ ബാത്ടബ്ബിലെ വെള്ളത്തില്‍ അനക്കമറ്റ നിലയിലാണ് നടിയെ കണ്ടെത്തിയതെന്നുമായിരുന്നു മുന്‍ റിപ്പോര്‍ട്ട്.

ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ബാത്ടബ്ബിലെ വെള്ളത്തില്‍ മുങ്ങിമരിക്കുകയായിരുന്നുവെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത കനക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here