മുംബൈ : ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്കാരം നാളെ വൈകീട്ട് മുംബൈ വിലപേരെല്‍ സേവ സമാജ് ശ്മശാനത്തില്‍ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെ അവരുടെ അന്ധേരിയിലെ വസതിക്ക് സമീപത്തുള്ള സെലിബ്രേഷന് സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും.
അനില്‍ അംബാനിയുടെ സ്വകാര്യ ജെറ്റ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ബോണി കപൂര്‍, മകന് അര്ജുന് കപൂര്‍, സഞ്ജയ് കപൂര്‍, റീന മാര്‍വ,സന്ദീപ് മാര്‍വ തുടങ്ങിയവര്‍ ഭൗതികദേഹത്തെ അനുഗമിച്ചിരുന്നു. മക്കളായ ജാന്‍വി, ഖുഷി, ബോണി കപൂറിന്റെ സഹോദരന് അനില്‍ കപൂര്‍, എന്നിവര്‍ മുംബൈ വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.
ലോഖണ്ഡ്വാല ഹൗസിങ് കോംപ്ലക്സിലെ ശ്രീദേവിയുടെ വീടിന് മുന്നിലേക്ക് ആരാധകര്‍ ഒഴുകിയെത്തുകയാണ്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഇവിടെ ഒത്തുകൂടുന്നു. മക്കളായ ജാന്‍വിയും ഖുഷിയും പിതാവ് ബോണി കപൂറിന്റെ സഹോദരന് അനില്‍ കപൂറിന്റെ വസതിയിലായിരുന്നതിനാല് ഇവരെ ആശ്വസിപ്പിക്കാനായി പ്രമുഖരുടെ നീണ്ടനിര തന്നെ ഇവിടെയെത്തിയിരുന്നു.
അതേസമയം നടി ശ്രീദേവിയുടെ മരണത്തിലെ കേസന്വേഷണം ദുബായ് അധികൃതര്‍ അവസാനിപ്പിച്ചു. താരത്തിന്റേത് അബദ്ധത്തില്‍ ബാത്ടബ്ബില്‍ വീണുള്ള മുങ്ങിമരണമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന് ശരിവെച്ചു. കേസന്വേഷണം അവസാനിപ്പിച്ച കാര്യം ദുബായ് സര്‍ക്കാരിന്റെ മീഡിയ ഹൗസ് ആണ് വ്യക്തമാക്കിയത്.
അന്വേഷണം പൂര്‍ത്തിയായതോടെയാണ് മൃതദേഹം എംബാമിങ്ങിനായി വിട്ടുകൊടുത്തത്. ശേഷം മൃതദേഹം ദുബായ് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. ബോധരഹിതയായി കുളിമുറിയിലെ ബാത്ടബ്ബില്‍ വീണാണ് ശ്രീദേവിയുടെ മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ശ്രീദേവിയുടെ ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന പ്രാഥമിക നിഗമനത്തെ തള്ളുന്നതായിരുന്നു പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍.
കൂടുതല്‍ ചിത്രങ്ങള്‍ …