അനക്കമറ്റ നിലയില്‍ ശ്രീദേവിയെ കണ്ടത് ബാത്ടബ്ബില്‍

ദുബായ് : ദുബായില്‍ അന്തരിച്ച നടി ശ്രീദേവിയുടെ ഭൗതികശരീരം മുംബൈയിലെത്തിക്കുന്നത് വൈകുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള കാലതാമസത്തെ തുടര്‍ന്നാണിത്. മൃതദേഹം ഉച്ചയോടെ ഇന്ത്യയില്‍ എത്തിക്കുമെന്നായിരുന്നു നേരത്തേയുള്ള റിപ്പോര്‍ട്ട്.

ഫൊറന്‍സിക്, രക്തപരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം എത്തിക്കുമെന്ന് വൈകുന്നത്. ശനിയാഴ്ച രാത്രി ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ റാഷിദ് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം അടക്കം അനിവാര്യമായി വന്നത്. എംബാമിങ് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മുംബൈയില്‍ എത്തിക്കും. വൈകുകയാണെങ്കില്‍ സംസ്‌കാരം നാളെയേ നടക്കൂ.

അതേസമയം ശ്രീദേവിയുടെ അവസാന നിമിഷങ്ങള്‍ സംബന്ധിച്ച് ദുബായ് മാധ്യമങ്ങള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറില്‍ പങ്കെടുക്കാനായി ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഒരുങ്ങുകയായിരുന്നു ശ്രീദേവി.

ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലായിരുന്നു നടി. മുംബൈയില്‍ നിന്ന് ദുബായിലെത്തിയ ബോണി കപൂര്‍ വൈകീട്ട് 5.30 ഓടെ ഹോട്ടല്‍ മുറിയിലെത്തി. ഇരുവരും പതിനഞ്ച് മിനിട്ടോളം സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഡിന്നറിനായി ക്ഷണിക്കുന്നത്.

ഇതിനായി ഒരുങ്ങാന്‍ നടി വാഷ്‌റൂമില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ 15 മിനിട്ട് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വാതിലില്‍ മുട്ടി. മറുപടിയൈാന്നും കിട്ടാതായതോടെ ബോണി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു. അപ്പോള്‍ ബാത്ടബ്ബിലെ വെള്ളത്തില്‍ അനക്കമറ്റ നിലയിലാണ് നടിയെ കണ്ടെത്തിയത്.

ശ്രീദേവിയെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം തന്റെ സുഹൃത്തിനെ വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും നടിയുടെ മരണം സംഭവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here