സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു

ലണ്ടന്‍: വീല്‍ചെയറിലിരുന്ന് ലോകത്തെ അതിശയിപ്പിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. കേംബ്രിഡ്ജിലെ വീട്ടിലായിരുന്നു അന്ത്യം.

കുടുംബാംഗങ്ങളാണ് മരണവാര്‍ത്ത പുറത്ത് വിട്ടത്. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം. 1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്.

പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സും ആഗ്രഹിച്ചിരുന്നത്.

എന്നാല്‍ സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. പതിനേഴാം വയസില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി.

കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിന് പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. എന്നാല്‍ കൈകാലുകള്‍ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവര്‍ത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകര്‍ന്നു.

ഗവേഷണ ബിരുദം നേടിയ ശേഷം 1965ല്‍ ജെയ്ന്‍ വൈല്‍ഡിനെ വിവാഹം കഴിച്ചു. 1991ല്‍ അവര്‍ വിവാഹമോചനം നേടി. ലൂസി, റോബര്‍ട്ട്, ടിം എന്നിവരാണ് മക്കള്‍. ശാസ്ത്രത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു സ്റ്റീഫന്‍ ഹോക്കിങിന്റേത്.

തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്ന് ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. ഒരു കോടി കോപ്പികള്‍ വിറ്റഴിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങിന്റെ പുസ്തകമാണ്.

അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ദ തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ സിനിമ ഇറങ്ങിയിരുന്നു. ഭീമമായ ഗുരുത്വാകര്‍ഷണ ബലമുള്ള തമോഗര്‍ത്തങ്ങള്‍ ചില വികിരണങ്ങള്‍ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേഷികസിദ്ധാന്തത്തിന് പുതിയ വിശദീകരണം നല്‍കി. പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചും അദ്ദേഹം സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here