സമരക്കാരെ വെടിവെച്ചു വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ പൊലീസ് വെടിവെപ്പ് ആസൂത്രിതമാണെന്ന ആരോപണങ്ങളെ സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ കയറി നിന്ന് പൊലീസുകാര്‍ സമരക്കാരെ തിരഞ്ഞുപിടിച്ച് വെടിവെയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

സ്വകാര്യ ചാനലുകള്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ മഞ്ഞ ടീ ഷര്‍ട്ട് ധരിച്ച ഒരു പൊലീസുകാരന്‍ പൊലീസ് വാനിന് മുകളില്‍ കയറി നിന്ന് വെടിയുതിര്‍ക്കുന്നതാണ് കാണുന്നത്. കുറച്ചുസമയത്തിനുശേഷം കറുത്ത ടീ ഷര്‍ട്ട് ധരിച്ച മറ്റൊരു പൊലീസുകാരന്‍ വാനിന് മുകളില്‍ കയറുകയും തോക്ക് ചൂണ്ടുന്നതും കാണാം.

പ്രത്യേക ട്രെയിനിങ് ലഭിച്ച ഷൂട്ടര്‍മാരെ പോലെ ഇവര്‍ ആളുകളെ ഉന്നം വെച്ച് വെടിവെക്കുകയാണ്. സമീപപ്രദേശത്തെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും പൊലീസ് സമരക്കാരെ ലക്ഷ്യമിട്ട് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ടെന്ന് ദ ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 11 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഏകാംഗകമ്മിഷനെ നിയമിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

വേദാന്ത സ്റ്റെര്‍ലൈറ്റിന്റെ കോപ്പര്‍ യൂണിറ്റിനെതിരെ നാട്ടുകാര്‍ തുടങ്ങിയ പ്രക്ഷോഭത്തിന്റെ നൂറാം ദിവസമായിരുന്നു ചൊവ്വാഴ്ച. ഇതിന്റെ ഭാഗമായി കമ്പനിയിലേക്ക് മാര്‍ച്ചുനടത്തുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിന് അധികൃതര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ഇവര്‍ മാര്‍ച്ച് കളക്ടറേറ്റിലേക്ക് മാറ്റി.

രാവിലെത്തന്നെ തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേര്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. 1996ലാണ് സ്റ്റെര്‍ലൈറ്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

ജനവാസ മേഖലയിലെ പ്ലാന്റിന്റെ രണ്ടാം ഘട്ട വികസനത്തിനെതിരെയാണ് ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. തുടര്‍ന്ന് കമ്പനിക്കെതിരെ ജനങ്ങള്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും പിഴയടച്ച ശേഷം വീണ്ടും പ്രവര്‍ത്തനം തുടരാനാണ് ഉത്തരവിട്ടത്. ഇതോടെയാണ് സമരം ശക്തി പ്രാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here