വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം

ന്യൂയോര്‍ക്ക്: സര്‍വകലാശാലയിലെ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം.
ലെറ്റിഷ്യ എന്ന വിദ്യാര്‍ഥിനിയാണ് ക്ലാസ് മുറിയില്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. തിസിസ് അവതരണത്തിന്റെ പരിശീലനത്തിനിടെ പ്രൊഫസര്‍ തന്നോട് മോശമായി സംസാരിച്ചെന്ന്, ലെറ്റിഷ്യ ചായ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോര്‍ണല്‍ സര്‍വകലാശാലയാണ് നാടകീയ പ്രതിഷേധത്തിന് വേദിയായത്. അടിവസ്ത്രം ഒഴിച്ചുള്ള വസ്ത്രങ്ങള്‍ അഴിച്ചുവച്ച് ലെറ്റീഷ്യ പ്രബന്ധം അവതരിപ്പിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രമാണ് താന്‍ ധരിച്ചിരിക്കുന്നത് എന്നായിരുന്നു പ്രൊഫസറുടെ ആക്ഷേപം. ഇത്തരം വസ്ത്രം ധരിക്കുന്നത് തുറിച്ചു നോട്ടത്തിന് ഇടയാക്കുമെന്നും തിസിസ് അവതരണത്തില്‍നിന്നുള്ള ശ്രദ്ധ മാറാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രൊഫസര്‍ കുറ്റപ്പെടുത്തിയെന്ന് ലെറ്റീഷ്യ കുറിച്ചു.

പ്രൊഫസറുടെ വാക്കുകള്‍ ലൈംഗികമായ അധിക്ഷേപമാണെന്ന് ലെറ്റിഷ്യ പറയുന്നു. അതില്‍ പ്രതിഷേധിക്കാനാണ് യഥാര്‍ഥ തീസിസ് അവതരണത്തിനിടെ വിദ്യാര്‍ഥി വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റിയത്. മറ്റുള്ളവര്‍ക്ക് എന്ത് തോന്നും എന്നതിന്റെ പേരില്‍ ഇഷ്ടവസ്ത്രം ധരിക്കുന്നതിന് കുറ്റപ്പെടുത്തല്‍ കേള്‍ക്കുന്നവര്‍ക്ക് വേണ്ടിയാണ് തന്റെ പ്രതിഷേധമെന്ന് ലെറ്റിഷ്യ പറഞ്ഞു.

ലോകത്തിന്റെ എല്ലാ കോണുകളിലും അധ്യാപകര്‍ ഇത്തരത്തില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തില്‍ ലൈംഗികത കാണുന്നുണ്ടെന്നും അതിനോടുള്ള തന്റെ പ്രതിഷേധമാണ് ഇതെന്നും ലെറ്റീഷ്യ അഭിപ്രായപ്പെട്ടു. അടിവസ്ത്രം മാത്രമിട്ടുള്ള ലെറ്റീഷ്യയുടെ പ്രതിഷേധ തീസിസ് സഹപാഠികള്‍ മൊബൈലില്‍ പകര്‍ത്തി പുറത്തുവിട്ടു. അതേസമയം ലെറ്റീഷ്യയുടെ പ്രതിഷേധം ചര്‍ച്ചയായതോടെ ഇവരെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here