അധ്യാപകനെ വിടാതെ പൊട്ടിക്കരഞ്ഞ് വിദ്യാര്‍ത്ഥികള്‍

വെളിയഗരാം: സ്ഥലം മാറ്റം കിട്ടിയ അധ്യാപകനെ കെട്ടിപിടിച്ച് വിദ്യാര്‍ത്ഥികള്‍ കരഞ്ഞു പറഞ്ഞു ‘സാര്‍ പോകരുത്’. അധ്യാപകന്റെ കണ്ണുകളും നിറഞ്ഞു. തമിഴ്‌നാട് വെളിയഗരാമിലെ ഗവണ്‍മെന്റ് സ്‌കൂളിലാണ് ഈ വികാരനിര്‍ഭരമായ സംഭവങ്ങള്‍ അരങ്ങേറിയത്. തങ്ങളുടെ ഇംഗ്ലീഷ് അധ്യാപകനായ ജി ഭഗവാന്‍ സ്ഥലം മാറ്റം കിട്ടി പോവുന്നത് സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറമാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്ക്.

28കാരനായ ഭഗവാന്‍ അധ്യാപകനായ ശേഷം ആദ്യം പ്രവര്‍ത്തിച്ച സ്‌കൂളാണിത്. സ്ഥലം മാറ്റം കിട്ടിയ വിവരം കുട്ടികളോട് പങ്കുവെച്ച് ആ വിദ്യാലയത്തിന്റെ പടിയിറങ്ങിയ അയാള്‍ തിരിഞ്ഞു നേക്കിയപ്പോള്‍ കണ്ടത് നിറ കണ്ണുകളോടെ അയാള്‍ക്കു ചുറ്റും കൂടിയ വിദ്യാര്‍ത്ഥികളെയാണ്.

അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് പോലും കടക്കാന്‍ അനുവദിക്കാതെ നൂറുകണക്കിനു വിദ്യാര്‍ത്ഥികള്‍ മതില്‍ പോലെ നില്‍ക്കുകയായിരുന്നു. ഈ സ്‌നേഹത്തിനു മുമ്പില്‍ അധ്യാപകന്‍ തോറ്റു പോയി. ഭഗവാനെ വിട്ടുകൊടുക്കാന്‍ രക്ഷിതാക്കളും ഒരുക്കമായിരുന്നില്ല. കുട്ടികളെ സ്‌കൂളിലേക്ക് വിടാതെ അവര്‍ പ്രതിഷേധിച്ചു. സാറിനെ വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് സ്‌കൂളിലെ 280 കുട്ടികളും ക്ലാസ് ബഹിഷ്‌കരിച്ചു.

ഭഗവാന്‍ പോയാല്‍ കുട്ടികളെ സ്‌കൂളിലേക്ക് വിടില്ലെന്ന് സ്ഥലത്തെ എം.എല്‍.എ.യ്ക്കുമുന്നില്‍ രക്ഷിതാക്കള്‍ ഭീഷണിമുഴക്കി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പ്രിന്‍സിപ്പല്‍ അരവിന്ദ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ കരച്ചില്‍ പ്രതിഷേധത്തിനൊടുവില്‍ ഭഗവാന്റെ സ്ഥലം മാറ്റം സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here