ദുരന്തമുഖത്തെ ആ ഹൃദയഭേദകമായ ചിത്രത്തിന്റെ കഥ സുദര്‍ശനെന്ന പൊലീസുകാരന്‍ വിവരിക്കുന്നു

മുംബൈ : രാജ്യത്തെ നടുക്കിയ തീപ്പിടുത്തത്തില്‍ മുംബൈയില്‍ 15 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ സേനാപതി മാര്‍ഗിലെ കമല മില്‍സ് കോമ്പൗണ്ടിലാണ് അഗ്‌നിബാധയുണ്ടായത്.നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റു. പുക ശ്വസിച്ചതിനെ തുടര്‍ന്നുള്ള ശാരീരികാസ്വാസ്ഥ്യങ്ങളാല്‍ ചിലര്‍ ഇപ്പോഴും ചികിത്സയിലുമുണ്ട്. മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീപ്പടര്‍ന്നത്.കൊല്ലപ്പെട്ടവരില്‍ 11 പേര്‍ സ്ത്രീകളായിരുന്നു. 20 നും 30 നും മധ്യേ പ്രായമുള്ളവര്‍. പുക വമിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് പലരും കൊല്ലപ്പെട്ടത്. അന്ന് ജന്‍മദിനാഘാഷത്തിന് പബില്‍ ഒത്തുകൂടിയ 28 കാരി ഖുഷ്ബുവിന് അടക്കമാണ് ദാരുണാന്ത്യമുണ്ടായത്.എന്നാല്‍ ദുരന്തമുഖത്ത് ജീവന്‍ പണയംവെച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി രാജ്യശ്രദ്ധയാകര്‍ഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് സുദര്‍ശന്‍ ഷിന്‍ഡേ. ഇദ്ദേഹം ഒരു യുവതിയെ തോളിലേറ്റി ദുരന്തമുഖത്ത് നിന്ന് മാറ്റുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആ യുവതി മരണത്തിന് കീഴടങ്ങിയെങ്കിലും സുദര്‍ശന്റെ ധീരോദാത്തമായ ഇടപെടലില്‍ 3 ജീവനുകള്‍ രക്ഷപ്പെട്ടിട്ടുണ്ട്. ഓരോ തവണയും 7 ഫ്‌ളോറുകള്‍ ഓടിക്കയറിയിറങ്ങിയാണ് ഇയാള്‍ യുവതികളെ രക്ഷപ്പെടുത്തിയത്.സംഭവത്തെക്കുറിച്ച് സുദര്‍ശന്‍ പറയുന്നതിങ്ങനെ. താന്‍ ആദ്യം കെട്ടിടത്തിന്റെ മുകളിലെത്തുമ്പോള്‍ എല്ലാം കത്തിച്ചാമ്പലാവുകയാണ്. കുപ്പികളും ഗ്യാസ് സിലിണ്ടറുകളുമെല്ലാം പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു.ചിലര്‍ നിലത്ത് ചലനമറ്റ് കിടക്കുന്നു. പുക വമിച്ചതിനാല്‍ ശ്വാസം മുട്ടി മരിച്ചുകിടക്കുന്നവരെയാണ് കണ്ടത്. പെട്ടെന്നാണ് ഒരു സ്ത്രീ ചുമയ്ക്കുന്ന ശബ്ദം കേട്ടത്. തുടര്‍ന്ന് താന്‍ അവരെ തോളിലെടുത്ത് അതിവേഗത്തില്‍ മുകളില്‍ നിന്ന് താഴെയെത്തിച്ച് ആംബുലന്‍സിലേക്ക് മാറ്റി.തനിക്കൊന്നുമില്ലെന്ന് അവര്‍ സുഹൃത്തുക്കളെ ആംഗ്യത്തിലൂടെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അവര്‍ കൊല്ലപ്പെട്ടു.എന്നാല്‍ ആ ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായതോടെ സുദര്‍ശന്റെ ധീരതയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഷിന്‍ഡേ മാത്രമല്ല 25 കാരനായ സേബിള്‍ എന്ന യുവ പൊലീസുകാരനും തന്റെ ജീവന്‍ പണയം വെച്ച് നിരവധി പേരെ പുറത്തെത്തിച്ചിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here