നേതൃത്വത്തിനെതിരെ വീണ്ടും സുധീരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും ഉമ്മന്‍ ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ച് മുതിര്‍ന്ന നേതാവ് വി എം സുധീരന്‍. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സുധീരന്‍ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് (എം)ന് നല്‍കിയത് ഹിമാലയന്‍ മണ്ടത്തരമാണെന്ന് അദ്ദേഹം ആരോപിച്ചു. ബി ജെ പിക്കെതിരെ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ബി ജെ പിക്കും മോദി സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ടു പോകുമ്പോള്‍ അതിനെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് ഇതിലൂടെ കേരളത്തിലെ കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാനുള്ള കാരണം മദ്യനയമാണെന്ന വാദം ശരിയല്ല. വേണ്ട നിയമങ്ങള്‍ പാലിക്കാതെ നടത്തി വന്നിരുന്ന 418 ബാറുകള്‍ അടച്ചു പൂട്ടാനാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചിലര്‍ക്ക് തന്നോട് ഉണ്ടായ അസൂയ മൂലമാണ് 718 ബാറുകള്‍ അടച്ചു പൂട്ടിയത്. മദ്യനയത്തിന്റെ ക്രെഡിറ്റ് തനിക്ക് ലഭിക്കുമോയെന്ന് ഭയന്നാണ് ചിലര്‍ ഈ നീക്കം നടത്തിയതെന്നും സുധീരന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നും സുധീരന്‍ ഈ ഒളിയമ്പ് എറിഞ്ഞത്.

വിഴിഞ്ഞം തുറമുഖം ഉമ്മന്‍ചാണ്ടി നടപ്പിലാക്കിയത് ഹൈക്കാമാന്റിന്റെയും സംസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാതെയായിരുന്നെന്നും സുധീരന്‍ ആരോപിച്ചു. അരുവിക്കര തിരഞ്ഞെടുപ്പിന് ശേഷം ഈ കാര്യം ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഹൈക്കാമാന്റെ് വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാനത്തെ അറിയിച്ചത്. എന്നാല്‍ ഏവരേയും ഞെട്ടിച്ച് കൊണ്ട് ഉമ്മന്‍ ചാണ്ടി വിഷയത്തില്‍ പെട്ടെന്ന് തന്നെ തീരുമാനമെടുത്തു. ആദാനി ഗ്രൂപ്പിന്റെ ബിസിനസ്സ് താല്‍പ്പര്യം സംരക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു ഈ നീക്കം, ഈ കാര്യം താന്‍ അറിഞ്ഞു കൂടിയില്ലെന്നും സുധീരന്‍ വെളിപ്പെടുത്തി.
ആര്‍ എസ് പി ക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് അഞ്ചു മിനിറ്റത്തെ ചര്‍ച്ച കൊണ്ടാണെന്ന് നേതാക്കള്‍ പറയുന്നത് തെറ്റാണ്. ചില നിബന്ധനകള്‍ ആര്‍ എസ് പിക്കു മുമ്പില്‍ വെച്ചിരുന്നു. സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കണം, യു ഡി എഫുമായി യോജിച്ച് പ്രവര്‍ത്തിക്കണം എന്നിവ ആയിരുന്നു നിബന്ധനകള്‍. അവര്‍ അതെല്ലാം അംഗീകരിച്ചതിനു ശേഷമാണ് സീറ്റ് നല്‍കാന്‍ ധാരണയായത്. അന്ന് ഒരു തരത്തിലുള്ള പ്രതിഷേധം ഒരാളില്‍ നിന്നും ഉയര്‍ന്നുവന്നില്ലെന്നും സുധീരന്‍ പറഞ്ഞു. ചാഞ്ചാട്ടമില്ലാത്ത പാര്‍ട്ടിയാണ് ആര്‍ എസ് പി, എന്നാല്‍ മാണി ചാഞ്ചാട്ടക്കാരന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്താനല്ല, ദുര്‍ബലപ്പെടുത്താനാണ് കേരളത്തിലെ നേതാക്കള്‍ ശ്രമിച്ചത്. അവരുടെ താല്‍പര്യം, വിശാലമല്ല, സങ്കുചിതമാണ്. കോണ്‍ഗ്രസില്‍ നിന്ന് ആരും രാജ്യസഭാ സ്ഥാനത്തു വരരുതെന്ന ഒളി അജണ്ടയുടെ ഭാഗമാണിത്. എന്നാല്‍, താന്‍ രാജ്യസഭാസീറ്റ് ആഗ്രഹിച്ചിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി. നേരത്തെ തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെറ്റു പറ്റിയാല്‍ തെറ്റു തുറന്നു സമ്മതിക്കണം. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കണം. എന്നാല്‍, അതിനുപകരം പരസ്യപ്രസ്താവനകള്‍ പാടില്ലായെന്ന ഒറ്റമൂലിയുമായി ഇറങ്ങിയിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. വയലാര്‍ രവിയും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമാണ് നേതാക്കളെന്ന് പറയുന്ന ആളാണ് ഞാന്‍. എന്നാല്‍, അവരുടെ ഭാഗത്തു നിന്ന് പോരായ്മകള്‍ ഉണ്ടാകുമ്പോള്‍ അത് തുറന്നു പറയും. കേരളത്തിലെ കോണ്‍ഗ്രസിലേക്ക് തന്നെയാരും കെട്ടിയിറക്കിയതല്ല. ആരോടും അഭ്യര്‍ത്ഥിച്ചിട്ടല്ല കെ പി സി സി പ്രസിഡന്റ് ആയത്. കെ പി സി സി പ്രസിഡന്റ് ആകാന്‍ താന്‍ യോഗ്യനായിരുന്നെന്നും വി എം സുധീരന്‍ പറഞ്ഞു. എന്നാല്‍, താന്‍ ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി എത്തിയിരുന്നില്ലെന്നും അദ്ദേഹത്തിന് നീരസമുണ്ടായിരുന്നതായി പിന്നീടുള്ള മുഖ ഭാവങ്ങളില്‍ നിന്നും തനിക്ക് മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചിരുന്നതായും
അദ്ദേഹം ഓര്‍മ്മിച്ചു.

കെ പി സി സി അധ്യക്ഷനായതിനു ശേഷം നടത്തിയ പിന്നീടുള്ള പല പ്രവര്‍ത്തനങ്ങളിലും ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് നിസകരണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കെ പി സി സി അധ്യക്ഷനായ താന്‍ നടത്തിയ ജനപക്ഷയാത്രയെയും ജനരക്ഷായാത്രയെയും പരാജയപ്പെടുത്താന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു. രണ്ട് യാത്രകളും ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ ചാണ്ടി തന്നെയായിരുന്നു. എന്നാല്‍, ജനരക്ഷായാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ തന്റെ പേര് പരാമര്‍ശിച്ചില്ല. സോളാര്‍ വിഷയത്തില്‍ ശക്തമായി മുഖ്യമന്ത്രിയെ താന്‍ പ്രതിരോധിച്ചിരുന്നു. ഇതിനുശേഷമാണ് ജനരക്ഷായാത്രയില്‍ ആദ്യമായി ഉമ്മന്‍ ചാണ്ടി തന്റെ പേര് പരമാര്‍ശിച്ചതും പ്രകീര്‍ത്തിച്ചതുമെന്നും സുധീരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here