ഹാദിയയുടെ വിവാഹം നിയമപരം

ന്യൂഡല്‍ഹി : ഹാദിയ-ഷെഫിന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം സാധുവാണെന്ന് പരമോന്നത കോടതി വിലയിരുത്തി. ഷെഫിന്‍ ജഹാന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി.

അതേസമയം കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. പിതാവ് അശോകന്റെ വാദങ്ങള്‍ തള്ളിയാണ് കോടതി നടപടി. പ്രായപൂര്‍ത്തിയായവരുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി നേരത്തെ വിലയിരുത്തിയിരുന്നു.

പരസ്പര സമ്മതത്തോടെയുള്ള വിവാഹത്തെ ഹൈക്കോടതിക്ക്, ഭരണഘടനയുടെ 226ാം അനുഛേദ പ്രകാരമുള്ള അധികാരമുപയോഗിച്ച് റദ്ദാക്കാനാകില്ല. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്നും കോടതി അറിയിച്ചിരുന്നു.

ശരിയായ വ്യക്തിയെ അല്ല വിവാഹം കഴിച്ചത് എന്ന കാരണത്താല്‍ അത് റദ്ദാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നല്‍കിയിരിക്കുന്നത് മാനഭംഗക്കേസല്ലെന്നും വിദേശ റിക്രൂട്ട്മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ സര്‍ക്കാരാണ് ഇടപെടേണ്ടതെന്നും കോടതി വാദം കേള്‍ക്കല്‍ ഘട്ടത്തില്‍ വ്യക്തമാക്കുകയുണ്ടായി.

എന്നാല്‍ ഹാദിയയുടെ മതംമാറ്റത്തിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നായിരുന്നു അശോകന്റെ വാദം. സിറിയയിലക്ക് ആടുമേയ്ക്കാന്‍ പോകുന്ന കാര്യം ഹാദിയ അശോകനോട് പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു.

എന്നാല്‍ അത്തരം കാര്യങ്ങളുണ്ടെങ്കില്‍ നിയമപരമായി കൈകാര്യം ചെയ്യപ്പെട്ടുകൊള്ളുമെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കിയത്. ഹാദിയയുടെ മതംമാറ്റം മനുഷ്യക്കടത്ത് ലക്ഷ്യമിട്ടാണെങ്കില്‍ തടയാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞിരുന്നു.

പൗരന്‍മാരുടെ വിദേശയാത്ര നിയമവിരുദ്ധമാണെങ്കില്‍ സര്‍ക്കാരിന് തടയാമെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. 2017 മെയ് 24 നാണ് ഹൈക്കോടതി ഹാദിയയുടെ വിവാഹം റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here