രക്ഷിതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി

ന്യൂ ഡല്‍ഹി :കത്വവാ പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ജമ്മു കാശ്മീര്‍ സര്‍ക്കാരിനോട് സുപ്രീം കോടതി. പ്രദേശ വാസികളുടെ ഭീഷണിയെ തുടര്‍ന്ന് കത്വവാ ഉള്‍പ്പെടുന്ന രസാന വിട്ട് പെണ്‍കുട്ടിയുടെ കുടുംബവും ബന്ധുക്കളും പലായനം ചെയ്തതിനിടയിലാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

അധികൃതരോട് കുടുംബത്തിന് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയതായി കത്വവാ പെണ്‍കുട്ടിക്ക് വേണ്ടി കോടതിയില്‍ കേസ് വാദിക്കുന്ന അഡ്വ.ദീപിക എസ് രജാവത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പെണ്‍കുട്ടിക്ക് വേണ്ടി കേസ് വാദിക്കാന്‍ തയ്യാറായതിനെ തുടര്‍ന്ന് ബാര്‍ കൗണ്‍സിലില്‍ നിന്നടക്കം നിരവധി ഭീഷണി നേരിടേണ്ടി വന്ന അഭിഭാഷകയാണ് ദീപിക രജാവത്ത്.

നിരന്തരമായി തങ്ങള്‍ക്ക് എതിരെ ഉയര്‍ന്നു വരുന്ന ഭീഷണികളെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജനിച്ച നാട് ഉപേക്ഷിച്ച് നാടു വിട്ടെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കത്വവായില്‍ നിന്നും 110 കിമി അകലെ ഉദംപൂരിലെ റോണ്ടോമെയിലിലാണ് ഇവരും കുടുംബാംഗങ്ങളും അടങ്ങുന്ന ചെറു സംഘം പലായനം ചെയ്തെത്തിയത്.

തങ്ങളുടെ ആടുകളും കുതിരകളുമായി ഒന്‍പത് ദിവസം നീണ്ട കാല്‍നട യാത്രയ്ക്ക് ശേഷമാണ് ഇവര്‍ രസാന ഗ്രാമം വിട്ട് ഉദംപൂരിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here