എംബിഎസില്‍ വിശ്വാസമര്‍പ്പിച്ച് യുവത

റിയാദ് : വിപ്ലവകരമായ പരിഷ്‌കാരങ്ങളുമായി സൗദിയെ നയിക്കുന്ന കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനില്‍ സൗദി യുവജനതയ്ക്ക് പൂര്‍ണ്ണ വിശ്വാസമെന്ന് സര്‍വേ ഫലം. അറബ് യൂത്ത് സര്‍വ്വേ 2018 ആണ് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നത്.

സൗദിയിലെ യുവാക്കള്‍ ഉപപ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാനില്‍ ഉയര്‍ന്ന വിശ്വാസമര്‍പ്പിക്കുന്നതായാണ് സര്‍വേയിലെ കണ്ടെത്തല്‍. യുവാക്കളില്‍ 91 ശതമാനം പേര്‍ എംബിഎസിന്റെ നിയമനത്തിന് പൂര്‍ണ്ണ പിന്‍തുണ നല്‍കുന്നു.

97 ശതമാനം പേര്‍ അദ്ദേഹം ശക്തനായ ഭരണാധികാരിയാണെന്ന് വ്യക്തമാക്കി. സൗദിയെ അദ്ദേഹം ശരിയായ ദിശയിലാണ് നയിക്കുന്നതെന്ന് സര്‍വേയില്‍ പങ്കെടുത്ത 90 ശതമാനം യുവാക്കള്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

പ്രമുഖ പിആര്‍ എജന്‍സിയായ എഎസ്ഡിഎഎ ബര്‍സണ്‍ മാര്‍സ്റ്റെല്ലറാണ് സര്‍വേ സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി അറബ് മേഖലയില്‍ ഇവര്‍ സര്‍വ്വേകള്‍ സംഘടിപ്പിച്ച് വരുന്നുണ്ട്. ജനുവരി 21 നും ഫെബ്രുവരി 20 നും ഇടയ്ക്കാണ് സര്‍വേ സംഘടിപ്പിച്ചത്.

18 നും 24 നും ഇടയില്‍ പ്രായമുള്ളവരുടെ അഭിപ്രായമാണ് തേടിയത്. 3,500 പേരുടെ സാമ്പിള്‍ പരിഗണിച്ചതിന്റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. നിര്‍ണ്ണായക പരിഷ്‌കാരങ്ങളാണ് എംബിഎസിന്റെ നേതൃത്തില്‍ സൗദി സാക്ഷാത്കരിച്ച് വരുന്നത്.

അഴിമതി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നിരവധി ഉന്നതരെ പിടികൂടുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തതാണ് ഇതില്‍ പ്രധാനം.

സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ്, സ്റ്റേഡിയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി, അബായ ധരിക്കുന്നതില്‍ ഇളവ്, സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി എന്നിവ പ്രഖ്യാപിച്ചിരുന്നു.

25 വയസ്സിന് മുകളിലുള്ള വിദേശ സ്ത്രീകള്‍ക്ക് സൗദിയില്‍ തനിച്ച് സന്ദര്‍ശനം നടത്താനടക്കം  സ്ത്രീ മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികളാണ് നടപ്പാക്കിയവയില്‍ ഏറെയും.

കൂടാതെ 35 വര്‍ഷത്തെ വിലക്ക് നീക്കി തിയേറ്ററുകള്‍ ആരംഭിക്കുകയും അറബ് ഫാഷന്‍ വീക്ക്, റസ്ലിങ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചും സൗദി ശ്രദ്ധയാകര്‍ഷിച്ചു. അതിനാല്‍ ലോകം ഈ യുവഭരണാധികാരിയെ ഉറ്റുനോക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here