ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ

കൊളംബോ : ത്രിരാഷ്ട്ര ട്വന്റി ട്വന്റിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പ്രേമദാസ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ആവേശപ്പോരില്‍ 17 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മൂന്നാം ജയമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സിന്റെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. 60 പന്തില്‍ 89 റണ്‍സടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ കുതിപ്പിന്റെ നെടുംതൂണായത്.

ശിഖര്‍ ധവാന്‍ 27 പന്തില്‍ 35 റണ്‍സെടുത്ത് പുറത്തായി. 70 റണ്‍സായിരുന്നു ഈ ഓപ്പണിങ്ങ് കൂട്ടുകെട്ടിന്റെ സംഭാവന. തുടര്‍ന്നെത്തിയ സുരേഷ് റെയ്‌നയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

30 പന്തില്‍ 47 റണ്‍സെടുത്ത റെയ്‌ന 19 ാം ഓവറിലാണ് പുറത്തായത്. അവസാന ഓവറില്‍ രോഹിത് ശര്‍മ റണ്ണൗട്ടായി. ദിനേഷ് കാര്‍ത്തിക് 2 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അപ്പോഴേക്കും ഇന്ത്യ 176 എന്ന മികച്ച സ്‌കോര്‍ കുറിച്ചിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി മുഷ്ഫിക്കര്‍ റഹീം ശക്തമായ ചെറുത്തുനില്‍പ്പ് പുറത്തെടുത്തെങ്കിലും വിജയിക്കാനായില്ല. റഹീം 55 പന്തില്‍ 72 റണ്‍സെടുത്തു. ഓപ്പണര്‍ തമീം ഇക്ബാലും സാബിര്‍ റഹ്മാനും 27 റണ്‍സ് വീതം നേടി.

177 എന്ന വിജയലക്ഷ്യം പിന്‍തുടര്‍ന്ന ബംഗ്ലാദേശിനെ ഇന്ത്യ, നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സില്‍ തളച്ചു. ഇന്ത്യയ്ക്ക് വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ 3 വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മയാണ് കളിയിലെ താരം.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here