പൊക്കത്തില്‍ റെക്കോര്‍ഡ് കുറിക്കാന്‍ കുടുംബം

പൂനെ : കുല്‍ക്കര്‍ണി കുടുംബം ലോക റെക്കോര്‍ഡ് കുറിക്കാനൊരുങ്ങുകയാണ്. ഏറ്റവും പൊക്കമുള്ള അംഗങ്ങളുടെ കുടുംബം എന്ന നേട്ടം കൈവരിക്കാനാണ് ഇവരുടെ തയ്യാറെടുപ്പ്. രാജ്യത്തെ ഏറ്റവും നീളമുള്ളവരായി ഈ പൂനെ കുടുംബം ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്.

കുടുംബ നാഥനായ 52 കാരന്‍ ശരദ് കുല്‍ക്കര്‍ണിയുടെ ഉയരം 7 അടിയും ഒന്നര ഇഞ്ചുമാണ്. 46 കാരിയായ ഭാര്യ സഞ്‌ജോതിന് 6 അടിയും 2.6 ഇഞ്ചുമാണ് പൊക്കം. മകള്‍ 22 കാരി മ്രുഗയും 16 കാരി സന്യയും യഥാക്രമം 6 അടി ഒരിഞ്ചും 6 അടി 4 ഇഞ്ചുമായും നിലയുറപ്പിക്കുന്നു.

ഈ നാലംഗ കുടുംബത്തിന്റെ ആകെ ഉയരം 26 അടിയാണ്. 1989 ലാണ് ശരദ് കുല്‍ക്കര്‍ണി സഞ്‌ജോതിനെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഏറ്റവും ഉയരമുള്ള ദമ്പതികളായി ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു.

ഗിന്നസ് ബുക്കിലും ഇടംപിടിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാലിഫോര്‍ണിയ ദമ്പതികളായ വെയ്‌നേയും ഹാള്‍ഖ്വിസ്റ്റുമാണ് ആ നേട്ടം സ്വന്തമാക്കിയത്. അവരുടെ രണ്ട് പേരുടെയും കൂടി ഉയരം 13 അടി 6 ഇഞ്ച് വരും. വ്യത്യസ്ത രീതിയില്‍ ജീവിക്കുന്നതിനാല്‍ അംഗീകരിക്കപ്പെടുകയെന്നത് ആഹ്ലാദകരമാണെന്ന് ശരദ് പറയുന്നു.

കൗമാരത്തിലേ നല്ല ഉയരമായതിനാല്‍ ശരദ് ബാസ്‌കറ്റ് ബോളില്‍ ഇടംപിടിക്കുകയും രാജ്യത്തിന് വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്. വിവാഹം നടക്കുക പ്രയാസമായിരിക്കുമെന്നാണ് ഇരുവരും പണ്ട് കരുതിയത്.

എന്നാല്‍ സഞ്‌ജോതിന്റെ മുത്തശ്ശി കുല്‍ക്കര്‍ണിയെ ഒരിക്കല്‍ മുംബൈ തെരുവില്‍ വെച്ച് കാണുകയും അദ്ദേഹത്തെ വിവാഹാലോചനയുമായി സമീപിക്കുകയുമായിരുന്നു. അങ്ങനെ 1988 ല്‍ അവരുടെ വിവാഹം നടന്നു.

ഉയരം കൂടിയതില്‍ ഏറെ സന്തോഷിക്കുന്നതായി ഈ കുടുംബം വ്യക്തമാക്കുന്നു. മോഡലിംഗ് രംഗത്ത് പ്രവേശിക്കണമെന്നാണ് മക്കളായ മ്രുഗയുടെയും സന്യയുടെയും ആഗ്രഹം.

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന് നിലവില്‍ ഉയരമേറിയ കുടുംബം എന്ന വിഭാഗം ഇല്ല. എന്നാല്‍ വൈകാതെ ആ വിഭാഗത്തിലും മത്സരമുണ്ടാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ഉറപ്പായും റെക്കോര്‍ഡ് കുറിക്കാനാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here