മൻസൂർ അലിഖാൻ അറസ്റ്റിൽ

Actor Mansoor Ali Khan Press Meet Photos

ചെന്നൈ: ചെന്നൈ- സേലം അതിവേഗ പാതയ്‌ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്ന് നടന്‍ മന്‍സൂര്‍ അലി ഖാനെ പോലീസ് അറസ്റ്റു ചെയ്തു. സേലത്തുനിന്നുള്ള പ്രത്യേകസംഘം ഞായറാഴ്ച രാവിലെ ചെന്നൈ ചൂളൈമേടിലുള്ള വീട്ടില്‍വെച്ചാണ് അറസ്റ്റു ചെയ്തത്. നിര്‍ദിഷ്ട ചെന്നൈ- സേലം അതിവേഗപാതയ്‌ക്കെതിരേ കര്‍ഷകരും തദ്ദേശവാസികളും നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കവേ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് നടപടി. എട്ടുവരിപ്പാത നിര്‍മിച്ചാല്‍ എട്ടുപേരെ കൊന്ന് താന്‍ ജയിലില്‍പ്പോകുമെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്.

‘സേലത്തിനടുത്ത് വിമാനത്താവളവും എട്ടുവരി അതിവേഗപാതയും ലഭിച്ചാല്‍ നാട്ടുകാര്‍ക്ക് ഇവിടെ ജീവിക്കാനാവില്ല. ദേശീയപാതയ്ക്കുവേണ്ടി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടിവരും. നാട്ടുകാരുടെ ഉപജീവനമാര്‍ഗത്തെ ഇതു ബാധിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതിയില്‍നിന്നു പിന്‍മാറണം.

ഹൈവേയ്‌ക്കെതിരേയുള്ള സമരത്തില്‍ ഞാന്‍ നിശ്ചയമായും പങ്കെടുക്കും.’അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ് ചെന്നൈസേലം ഹരിത ഇടനാഴി. 277.30 കിലോമീറ്റര്‍ ദൂരത്തില്‍ എട്ടുവരിപ്പാത നിര്‍മിക്കുന്നതുവഴി ചെന്നൈയില്‍നിന്നും സേലത്തേക്ക് മൂന്നു മണിക്കൂറിനുള്ളില്‍ എത്താനാകുമെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിയമസഭയില്‍ പറഞ്ഞത്.

പദ്ധതിക്കെതിരേ പൂലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍, അച്ചന്‍കുട്ടപ്പട്ടി ഗ്രാമങ്ങളിലെ കര്‍ഷകര്‍ സമരത്തിലാണ്. പദ്ധതിക്ക് 41 ഏക്കര്‍ വനഭൂമി മാത്രം ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here