ബാങ്കിന്റെ അമളി; ചായക്കടക്കാരന്‍ കോടീശ്വരന്‍

ജയ്പൂര്‍ :ബാങ്കിന് പറ്റിയ അമളി യുവാവിനെ കോടിപതിയാക്കി. പക്ഷെ യുവാവ് ഇപ്പോള്‍ അനുഭവിക്കുന്നത് കടുത്ത നിയമക്കുരുക്കുകള്‍. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ രാജ്കുമാര്‍ എന്ന ചായക്കട തൊഴിലാളിയുടെ ജീവിതമാണ് ഒരു ബാങ്കിന് പറ്റിയ സാങ്കേതിക തകരാറുകള്‍ കാരണം  ദുരിതത്തിലായത്.

നോട്ട് നിരോധന സമയത്ത് കയ്യിലുണ്ടായിരുന്ന 48000 രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കില്‍ അടയ്ക്കാന്‍ പോയതായിരുന്നു യുവാവ്. എന്നാല്‍ ബാങ്കിലെ സാങ്കേതിക തകരാറുകള്‍ കാരണം യുവാവിന്റെ അക്കൗണ്ടിലേക്ക് വന്നത് നാല് കോടി 80 ലക്ഷം രൂപയാണ്.അങ്ങനെ കുറച്ച് നിമിഷങ്ങള്‍ ആണെങ്കിലും ഈ പാവം തൊഴിലാളിയും ഒരു കോടീശ്വരനായി. തെറ്റു മനസ്സിലാക്കിയ ബാങ്ക് ഉടന്‍ തന്നെ പണം പിന്‍വലിച്ചെങ്കിലും രാജ്കുമാറിന്റെ തലവേദന അവിടെ തുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാല് തവണയാണ് ഇന്‍കം ടാക്‌സ് അധികൃതര്‍ യുവാവിനെ അന്വേഷണത്തിനായി ഓഫീസിലേക്ക് വിളിപ്പിച്ചത്.

ക്യാഷ് ബുക്ക്, സെയില്‍സ് ബുക്ക്, സ്റ്റോക്ക് രജിസ്റ്റര്‍, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കാനാണ് ഓരോ തവണയും ഉദ്യോഗസ്ഥര്‍ രാജ്കുമാറിനോട് ആവശ്യപ്പെടുന്നത്. യുവാവ് പറയുന്ന വാദങ്ങളൊന്നും പൂര്‍ണ്ണമായും വിശ്വസിക്കാന്‍ ഇതുവരെ ഇന്‍കം ടാക്‌സ് അധികൃതര്‍ തയ്യാറായിട്ടില്ല.

എന്നാല്‍ മാസം 6000 രൂപ ശമ്പള അടിസ്ഥാനത്തില്‍ ചായക്കടയില്‍ ജോലി ചെയ്യുന്ന താന്‍ എവിടെ നിന്ന് ഈ രേഖകള്‍ സംഘടിപ്പിക്കും എന്ന ചിന്തയിലാണ് രാജ്കുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here