കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കിയ യുവതി

ലൂസിയാന :26 വയസ്സുകാരിയായ അധ്യാപിക നഗരം വിട്ട് പോകവെ 14 വയസ്സുകാരനായ വിദ്യാര്‍ത്ഥിയേയും അവന്റെ സഹോദരനേയും ദത്തെടുത്ത് ഒപ്പം കൂട്ടി. അമേരിക്കയിലെ ലൂസിയാനയിലാണ് ഹാലി എന്ന അധ്യാപിക തന്റെ വിദ്യാര്‍ത്ഥിയായ ജെറോം റോബര്‍ട്ടസണും അനിയന്‍ ജേസിനും പുതിയ അമ്മയായി മാറിയത്.

അമേരിക്കയിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ടീച്ച് ഫോര്‍ അമേരിക്ക എന്ന സംഘടനയിലെ അധ്യാപികയാണ് ഹാലി.

ഇതിന്റെ ഭാഗമായാണ് 2013 ല്‍ ജോര്‍ജ്ജിയ സ്വദേശിനിയായ ഹാലി ലൂസിയാനയിലെ വളരെ പിന്നോക്കം നില്‍ക്കുന്ന സ്‌കൂളില്‍ അധ്യാപികയായി എത്തുന്നത്. ആ സമയം സ്‌കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു ജെറോം. ടീച്ചര്‍മാര്‍ക്ക് ഈ വിദ്യാര്‍ത്ഥി എന്നും ഒരു തലവേദനയായിരുന്നു.

എല്ലാ ടീച്ചര്‍മാരും കയ്യൊഴിഞ്ഞതോടെ ജെറോമിന്റെ ചുമതല ഹാലി ഏറ്റെടുത്തു. വളരെ ദരിദ്രമായൊരു ചുറ്റുപാടായിരുന്നു ജെറോമിന്റെത്. ജെറോമിന്റെ അമ്മയ്ക്ക് ജോലി തിരക്ക് കാരണം തന്റെ കുട്ടികളെ ശ്രദ്ധിക്കുവാന്‍ സമയമുണ്ടായിരുന്നില്ല എന്ന് ഹാലി മനസ്സിലാക്കി. തുടര്‍ന്ന് ഒരമ്മയുടെ സ്‌നേഹവും സംരക്ഷണവും ഹാലി ജെറോമിന് നല്‍കുവാന്‍ തുടങ്ങി.ഇത് കുട്ടിയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കുഴപ്പക്കാരനായ ജെറോം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഏവരുടെയും പ്രീയപ്പെട്ടവനായി മാറി. എന്നാല്‍ അപ്പോഴേക്കും ഹാലിക്ക് ജോലി സംബന്ധമായി തിരിച്ച് നാട്ടില്‍ പോകേണ്ട ആവശ്യകത വന്നു ചേര്‍ന്നു.

ഹാലി പ്രിന്‍സിപ്പാളിനെ കണ്ട് ജെറോമിന്റെ വളര്‍ത്തമ്മയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പാളും ഹാലിയും കുട്ടിയുടെ അമ്മയെ കണ്ട് ഈ വിഷയം സംസാരിച്ചു.

മകന്റെ നല്ല ഭാവി മനസ്സില്‍ കണ്ട അമ്മ ഒരു കാര്യം കൂടി ടീച്ചറോട് അഭ്യര്‍ത്ഥിച്ചു. തന്റെ ഇളയമകനെ കൂടി ദത്തെടുക്കണം. ഈ ആവശ്യവും അംഗീകരിച്ച് നിയമപരമായി എല്ലാ രേഖകളും ശരിയാക്കി ഹാലി തന്റെ മക്കളേയും കൊണ്ട് ജോര്‍ജ്ജിയയിലേക്ക് പറന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here