വിമാനത്താവളത്തില്‍ ഫോണിലൂടെ സംസാരിച്ച് നടന്ന യുവാവിന് ദാരുണാന്ത്യം; അപകടം സംഭവിച്ചത് ഇങ്ങനെ

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിലെ ഫ്‌ളൈ ഓവറിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന ടെക്കി വീണുമരിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ ഉദ്യോഗസ്ഥനായ ചെറുപ്പക്കാരനാണ് ദാരുണാന്ത്യം സംഭവിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ചൈതന്യ വുയുരു(32) ഫ്‌ളൈ ഓവറിലെ മതിലില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാലന്‍സ് തെറ്റി 10 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അതേസമയം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണോ അപകടമെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വീണയുടന്‍ തന്നെ ചൈതന്യ മരിച്ചു. സുഹൃത്തിനെ കാണാനായി ചെന്നൈയില്‍ എത്തിയതാണ് ചൈതന്യ. രാവിലെ ബംഗളൂരൂവിലേക്കു പോകാന്‍ വിമാനം കയറാനെത്തിയതായിരുന്നു അദ്ദേഹം. ആത്മഹത്യയാണോ അപകടമാണോ എന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്താവളത്തിലെത്തിയ ഇയാളുടെ പക്കല്‍ ബാഗോ ടിക്കറ്റോ ഒന്നും കണ്ടെത്താനായിട്ടില്ല. ഒരുപക്ഷെ ഇയാളുടേത് ഇ-ടിക്കറ്റായിരിക്കുമെന്നും വീഴ്ചയില്‍ ഫോണ്‍ തകര്‍ന്നതിനാല്‍ ഇത് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അതേസമയം ഐഡന്റിറ്റി കാര്‍ഡില്‍നിന്നുമാണ് പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here