കൗമാരക്കാരായ സഹോദരിമാര്‍ വെടിയേറ്റ് മരിച്ചു

ഇറ്റാവ: കൗമാരക്കാരായ സഹോദരിമാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് 17 ഉം, 13 ഉം വയസ് പ്രായമുളള പെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും കൂടി കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ഒരുമിച്ച് പുറത്തുപോയിരുന്നു.

ഏറെ വൈകിയും കാണാതായതോടെ ഗ്രാമത്തിലെ ഒരു വിവാഹചടങ്ങിലേക്ക് പോയതാകും അവരെന്ന് വീട്ടുകാര്‍ കരുതി. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഗ്രാമത്തില്‍ നിന്ന് 500 മീറ്റര്‍ മാറി ഇവരുടെ മൃതദേഹങ്ങളാണ് കണ്ടത്. ഇറ്റാവയിലെ കെലമാവു എന്ന സ്ഥലത്തെ പാടത്ത് നിന്നാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് നിന്ന് ബുളളറ്റുകളും പ്രതികളുടേത് എന്ന് സംശയിക്കുന്ന ഒരു ചെരുപ്പും ലഭിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. റിപ്പോര്‍ട്ട് വന്നതിന് ശേഷം കൂടുതല്‍ പ്രതികരണം നടത്താമെന്ന് ഇറ്റാവ എസ്പി അശോക് ത്രിപാഠി പ്രതികരിച്ചു.

അതേസമയം തന്റെ മക്കളോട് ആര്‍ക്കും വിരോധമൊന്നും ഉണ്ടായിരുന്നില്ലെന്നും അവര്‍ കൊല്ലപ്പെട്ട ഞെട്ടലിലാണ് തങ്ങളെന്നും പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു. തനിക്ക് ശത്രുക്കള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടക്കുമെന്നും പ്രതികള്‍ക്ക് തക്ക ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്നും ഇറ്റാവ എംഎല്‍എ സരിത ബദൗരിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here